കെഎം ബഷീറിന്റെ മരണം: ശ്രീറാം വെങ്കിട്ടരാമനെതിരായ വകുപ്പ് തല നടപടിയിൽ അന്വേഷണം ആരംഭിച്ചു

മാധ്യമ പ്രവർത്തകൻ കെഎം ബഷീറിന്റെ അപകട മരണത്തിൽ ശ്രീറാം വെങ്കിട്ടരാമന് എതിരായ വകുപ്പ് തല നടപടിയിൽ അന്വേഷണം ആരംഭിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗ് അധ്യക്ഷനായ അന്വേഷണ സമിതിക്ക് മുമ്പാകെ ശ്രീറാം നേരിട്ടെത്തി മൊഴി നൽകി. കേസിലെ പരാതിക്കാരനായ സിറാജ് മാനേജ്മെൻറ് പ്രതിനിധി സൈഫുദീൻ ഹാജിയും സമിതിക്ക് മുമ്പാകെ മൊഴി നൽകാനെത്തി.
സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് മേധാവിയായിരുന്ന കെ.എം.ബഷീറിനെ മദ്യലഹരിയിൽ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ, വകുപ്പുതല നടപടി നേരിടുകയാണ് ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ്. ജനുവരി വരെ സസ്പെൻഷനിലാണ് ശ്രീറാം. ഈ നടപടിയിലാണ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗ് അധ്യക്ഷനായ സമിതി അന്വേഷണം ആരംഭിച്ചത്.
അന്വേഷണ സമിതിക്ക് മുമ്പാകെ ഹാജരായി മൊഴി നൽകണമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തിൽ രാവിലെ 11 ഓടെ ശ്രീറാം വെങ്കിട്ടരാമൻ സെക്രട്ടറിയേറ്റിലെത്തി. സഞ്ജയ് ഗാർഗിന്റെയും, പ്രസന്റിംഗ് ഓഫിസർ ബി.അശോകിന്റെയും മുമ്പാകെ ശ്രീറാം മൊഴി നൽകി. താൻ മദ്യപിച്ചിരുന്നില്ലെന്നാണ് ശ്രീറാം സർക്കാരിന് നേരത്തെ നൽകിയ വിശദീകരണം. ഇതേ നിലപാട് തന്നെ സമിതിക്ക് മുമ്പാകെയും ആവർത്തിച്ചതായാണ് സൂചന.ശ്രീറാമിന്റെ സസ്പെൻഷൻ തുടരണോ, പിൻവലിക്കണോ തുടങ്ങിയ കാര്യങ്ങളിൽ, സമിതിയുടെ റിപ്പോർട്ടിന് അനുസരിച്ചായിരിക്കും തീരുമാനമുണ്ടാകുക.
അതേ സമയം സമിതിക്ക് മുമ്പാകെ മൊഴി നൽകാനെത്തിയ സിറാജ് മാനേജ്മെന്റ് പ്രതിനിധി സെയ്ഫുദീൻ ഹാജി പരാതിയിൽ ഉറച്ച് നിൽക്കുന്നതായി വ്യക്തമാക്കി..
സംഭവത്തെ തുടർന്ന് ശ്രീറാമിനെ സർവീസിൽ നിന്ന് രണ്ട് മാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും, പിന്നാലെ സസ്പെൻഷൻ ജനുവരി വരെ നീട്ടുകയുമായിരുന്നു. കേസിൽ പൊലീസ് പ്രത്യേക സംഘത്തിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.
Stroy Highlights: Sriram Venkitaraman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here