ന്യൂസീലന്റിലെ അഗ്‌നിപർവത സ്‌ഫോടനം; മരിച്ച നാല് പേരെ കൂടി തിരിച്ചറിഞ്ഞു

ന്യൂസീലന്റിലെ വൈറ്റ് ഐലന്റിൽ അഗ്‌നിപർവത സ്‌ഫോടനത്തിൽ മരിച്ച നാല് പേരെ കൂടി തിരിച്ചറിഞ്ഞു. ഓസ്‌ട്രേലിയൻ പൗരന്മാരായ ജെസീക്ക റിച്ചാർഡ്‌സ്, ജെസൺ ഡേവിഡ് ഗ്രിഫിത്ത്‌സ്, മാർട്ടിൻ ഹോളൻഡർ, ക്രിസ്റ്റിൻ എലിസബത്ത് ലാങ്‌ഫോഡ് എന്നിവരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്.
കഴിഞ്ഞ തിങ്കളാഴ്ച്ചയുണ്ടായ അഗ്‌നിപർവ്വത സ്‌ഫോടനത്തിൽ ഇതുവരെ 18 പേരാണ് മരിച്ചത്. ഇതിൽ നാല് പേരുടെ കൂടി മൃതദേഹങ്ങളാണ് ഇന്ന് രാവിലെ പൊലീസ് തിരിച്ചറിഞ്ഞത്. ഓസ്‌ട്രേലിയൻ പൗരന്മാരായ ജെസീക്ക റിച്ചാർഡ്‌സ്, ജെസൺ ഡേവിഡ് ഗ്രിഫിത്ത്‌സ്, മാർട്ടിൻ ഹോളൻഡർ, ക്രിസ്റ്റിൻ എലിസബത്ത് ലാങ്‌ഫോഡ് എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞതെന്ന് ന്യൂസീലൻറ് പൊലീസ് അറിയിച്ചു. ഇനി രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെത്താനുണ്ട്. 17 പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.
സ്‌ഫോടനത്തിൽ ജീവൻ നഷ്ടമായവർ ഇനി എക്കാലത്തേയ്ക്കും ന്യൂസീലന്റുമായി ബന്ധമുള്ളവരായിരിക്കുമെന്നും അവരെ തങ്ങൾ ഹൃദയത്തോട് ചേർത്തുപിടിക്കുന്നെന്നും പ്രധാനമന്ത്രി ജസീന്ത ആർഡൺ തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുറിച്ചു.
ഫോറൻസിക് വിദഗ്ദരും പൊലീസിലെ ഉന്നതോദ്യോഗസ്ഥരും ഉൾപ്പെടുന്ന സംഘമാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. ഡിസംബർ ഒന്പതിനുണ്ടായ അഗ്‌നിപർവത സ്‌ഫോടന സമയത്ത് ഓസ്‌ട്രേലിയ, അമേരിക്ക, ബ്രിട്ടൻ, ചൈന, ജർമനി, മലേഷ്യ എന്നീ വിദേശ രാജ്യങ്ങളിൽ നിന്നുള്ള പൌരൻമാർ ഉൾപ്പടെ 47 വിനോദ സഞ്ചാരികളാണ് സ്ഥലത്തുണ്ടായിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here