പുരോഹിതന്മാർ ഉൾപ്പെടുന്ന ബാലപീഡന കേസുകളിലെ സഭാ രേഖകൾ പരസ്യപ്പെടുത്തും: വത്തിക്കാൻ

പുരോഹിതന്മാർ ഉൾപ്പെടുന്ന ലൈംഗിക പീഡന കേസുകളിലെ സഭാ രേഖകൾ പരസ്യപ്പെടുത്താനൊരുങ്ങി വത്തിക്കാൻ. കേസിൽപ്പെടുന്നവർ അതാത് രാജ്യത്തെ നിയമസംവിധാനവുമായി സഹകരിക്കണമെന്ന് വത്തിക്കാൻ വാർത്താക്കുറിപ്പിറക്കി.
സുരക്ഷിതത്വം, രഹസ്യാത്മകത, വിശ്വാസ്യത എന്നിവ കാത്തുസൂക്ഷിക്കാൻ വേണ്ടി കേസിലെ രേഖകൾ സഭാ നേതാക്കൾ തന്നെ സൂക്ഷിക്കും. വിചാരണ അടക്കമുള്ള സാഹചര്യങ്ങളിൽ ഈ രേഖകൾ പരസ്യമാക്കും. 18 വയസിൽ താഴെയുള്ളവരുടെ ലൈംഗിക ദൃശ്യങ്ങൾ കുട്ടികളുടേതായി കണക്കാക്കുമെന്നും വത്തിക്കാൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
ഫ്രാൻസിസ് മാർപ്പാപ്പയുടെ എൺപത്തിമൂന്നാം പിറന്നാൾ ദിനത്തിലാണ് വത്തിക്കാൻ ചരിത്രപരമായ പ്രഖ്യാപനം നടത്തുന്നത്. നേരത്തെ പുരോഹിതന്മാർ ലൈംഗിക പീഡന കേസുകളിൽ പ്രതികളായാൽ ഇത് സംബന്ധിച്ച സഭാ രേഖകൾ പരസ്യപ്പെടുത്തുന്നതിന് വിലക്കുണ്ടായിരുന്നു. പ്രതികളെ സംരക്ഷിക്കുന്നതിനും കേസന്വേഷണ സമയത്ത് ഇരകളെ നിശബ്ദരാക്കുന്നതിനും ഈ വിലക്ക് കാരണമാകുന്നുവെന്ന് വിമർശനങ്ങളുയർന്നിരുന്നു.
vathikkan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here