Advertisement

പൗരത്വ നിയമ ഭേദഗതിയിൽ മാത്രമല്ല, ആർബിഐ നിയമങ്ങളിലും വിസ നിയമങ്ങളിലും മുസ്ലീങ്ങൾ വിവേചനം നേരിടുന്നുണ്ട് ! തെളിവുകൾ പുറത്ത്

December 22, 2019
Google News 1 minute Read

പൗരത്വ നിയമ ഭേദഗതിയിൽ മാത്രമല്ല, ആർബിഐ നിയമങ്ങളിലും വിസ നിയമങ്ങളിലും മുസ്ലീങ്ങൾ വിവേചനം നേരിടുന്നുണ്ടെന്ന് കണ്ടെത്തൽ. ‘ദ വയർ’ ആണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടിരിക്കുന്നത്. രാജ്യത്തെ ജനങ്ങളെ മുസ്ലീങ്ങൾ, അമുസ്ലീങ്ങൾ എന്ന രീതിയിൽ വിഭജിക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ആർബിഐ നിയമങ്ങളിലും വിസ നിയമങ്ങളിലും മുസ്ലീം മത വിശ്വാസികൾക്ക് കടുത്ത വിവേചനം നേരിടേണ്ടി വരുന്നത്.

പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലീങ്ങൾ അല്ലാത്ത കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്നതാണ് പൗരത്വ ഭേദഗതി നിയമം. ഈ ഭേദഗതി കൊണ്ടുവരുന്നതിന് മാസങ്ങൾക്ക് മുമ്പാണ് ബാങ്ക് നിയമങ്ങളിലും വിസ നിയമങ്ങളിലും പുതിയ ഭേദഗതികൾ കേന്ദ്ര സർക്കാർ കൊണ്ടുവരുന്നത്. ഭേദഗതിയെ ആർട്ടിക്കിൾ 14ന്റെ ലംഘനമാണെന്ന് സീനിയർ ബാങ്കർമാരും, കോർപറേറ്റ് അഭിഭാഷകരും പറഞ്ഞു.

വീടോ/വസ്തുവോ വാങ്ങുന്നത്

2018 മാർച്ച് 20 നാണ് ആർബിഐ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റിൽ പുതിയ ഭേദഗതികൾ കൊണ്ടുവരുന്നത്. ഇന്ത്യയിലെ വസ്തു വകകളുടെ അവകാശവും കൈമാറ്റവുമാണ് ഈ ഗണത്തിൽ വരുന്നത്. പുതിയതായി അവതരിപ്പിച്ച നിയമത്തിലെ സെക്ഷൻ 7ലാണ് പുതിയ ഭേദഗതി അവതരിപ്പിച്ചിരിക്കുന്നത്. ഇത് പ്രകാരം അഫ്ഗാനിസ്ഥനാൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഹിന്ദു, സിഖ്, ബുദ്ധ, ജെയ്ൻ, പാഴ്‌സി, ക്രിസ്ത്യൻ മതവിഭാഗങ്ങളിൽപ്പെട്ടവർക്ക് മാത്രം ദീർഘകാല വിസ നൽകും. ഇവർക്ക് ഇന്ത്യയിൽ ഒരു വീട് വാങ്ങാനോ, ഒരു വ്യാവസായിക സ്ഥാപനം സ്വന്തമായി വാങ്ങി നടത്തുവാനോ അനുമതി നൽകും.

എൻആർഒ അക്കൗണ്ട്

2018 നവംബറിൽ മേൽപ്പറഞ്ഞ അതേ വിഭാഗത്തിൽ പെട്ടവർക്ക് (അഫ്ഗാനിസ്ഥനാൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഹിന്ദു, സിഖ്, ബുദ്ധ, ജെയ്ൻ, പാഴ്‌സി, ക്രിസ്ത്യൻ മതവിഭാഗങ്ങളിൽപ്പെട്ടവർക്ക്) എൻആർഒ അക്കൗണ്ട് അഥവാ നോൺ റെസിഡന്റ് ഓർഡിനറി അക്കൗണ്ട് തുറക്കാൻ അനുമതി നൽകിയിട്ടുണ്ട് ആർബിഐ.

2018 ൽ പുറത്തിറക്കിയ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ഭേദഗതി റെഗുലേഷൻ പ്രകാരം ‘ ദീർഘകാല വിസ (എൽടിവി) ലഭിച്ച അഫ്ഗാനിസ്ഥനാൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഹിന്ദു, സിഖ്, ബുദ്ധ, ജെയ്ൻ, പാഴ്‌സി, ക്രിസ്ത്യൻ മതവിഭാഗങ്ങളിൽപ്പെട്ടവർക്ക് എൻആർഒ തുറക്കാൻ അനുമതി നൽകും.

ഈ വ്യക്തി ഇന്ത്യൻ പൗരത്വം സ്വീകരിക്കുന്നതോടെ എൻആർഒ അക്കൗണ്ട് റെസിഡന്റ് അക്കൗണ്ടാക്കി മാറ്റുമെന്നും ‘ദ വയർ’ റിപ്പോർട്ട് ചെയ്യുന്നു.

ഇതിന്റെ പശ്ചാത്തലത്തിൽ ഇനി മുതൽ എല്ലാ ബാങ്ക് ഫോമുകളിലെയും കെവൈസി (നോ യുവർ കസ്റ്റമർ) ഫോമിൽ ജാതി കോളമുണ്ടാകുമെന്ന വാർത്ത പ്രചരിച്ചുവെങ്കിലും ഇത് ആർബിഐ തള്ളി.

വിസ പെനാൽറ്റി

വിസ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയിൽ തങ്ങുന്ന വിദേശികൾക്ക് മേൽ ചുമത്തുന്ന പിഴയുടെ കാര്യത്തിലും കടുത്ത വിവേചനമാണ് മുസ്ലീങ്ങൾ നേരിടുന്നത്. അഫ്ഗാനിസ്ഥനാൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഹിന്ദു, സിഖ്, ബുദ്ധ, ജെയ്ൻ, പാഴ്‌സി, ക്രിസ്ത്യൻ മതവിഭാഗങ്ങളിൽപ്പെട്ടവർക്ക് ചുമത്തുന്ന പിഴയുടെ 200 ഇരട്ടിയാണ് മുസ്ലീം വിദേശികൾക്ക് മേൽ ചുമത്തുകയെന്ന് ‘ദ വയർ’ റിപ്പോർട്ട് ചെയ്യുന്നു.

അതായത് അഫ്ഗാനിസ്ഥനാൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഹിന്ദു, സിഖ്, ബുദ്ധ, ജെയ്ൻ, പാഴ്‌സി, ക്രിസ്ത്യൻ മതവിഭാഗങ്ങളിൽപ്പെട്ടവർ വിസ കാലാവധി അവസാനിച്ച് രണ്ട് വർഷത്തിനുമേൽ ഇന്ത്യയിൽ തുടർന്നാൽ 500 രൂപ പിഴ ചുമത്തും. തങ്ങിയ കാലാവധി 91 ദിവസം മുതൽ രണ്ട് വർഷം വരെയാണെങ്കിൽ ഈ തുക 200 രൂപയായി കുറയും. 90 ദിവസം വരെയാണ് രാജ്യത്ത് തുടർന്നതെങ്കിൽ 90 രൂപയായിരിക്കും പിഴ തുക.

എന്നാൽ വിസ കാലാവധിക്ക് ശേഷം രാജ്യത്ത് തുടരുന്ന വിദേശികളായ മുസ്ലീങ്ങളുടെ കഥ ഇതായിരിക്കില്ല. അവർക്കുമേൽ മേൽപ്പറഞ്ഞ കാലാവധിയിൽ ചുമത്തുന്ന പിഴ തുക 35,000 രൂപ, 28,000 രൂപ, 21,000 രൂപ എന്നിങ്ങനെയായിരിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here