ആധാർ കാർഡ് കളഞ്ഞ് പോയാലും വിഷമിക്കണ്ട, ഉണ്ട് ‘എംആധാർ’

ആധാർ കാർഡ് കളഞ്ഞ് പോയോ? ഓൺലൈനായി 50 രൂപയടച്ച് പുതിയ പ്രിന്റഡ് കാർഡിന് ഓർഡർ ചെയ്യാം. ‘എംആധാർ’ (mAadhaar) എന്ന മൊബൈൽ ആപ്‌ളിക്കേഷൻ വഴിയാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.
15 ദിവസത്തിനുള്ളിൽ കാർഡ് കിട്ടും. ‘ആധാർ റീപ്രിന്റ്’ ഉൾപ്പടെ സൗകര്യങ്ങളാണ് യുഐഡിഎഐ (ആധാർ) ആപ്ലിക്കേഷന്റെ പുതിയ പതിപ്പിലുള്ളത്. പ്രിന്റഡ് ആധാർ കാർഡിന് പകരം എംആധാറിലുള്ള ഡിജിറ്റൽ ആധാർ എവിടെയും ഉപയോഗിക്കാനും കഴിയും.
മലയാളം ഉൾപ്പടെ 13 ഭാഷകളിൽ പുതിയ ആപ്ലിക്കേഷൻ പ്രവർത്തിക്കും. ഗൂഗിൾ പ്ലേ, ഐഒഎസ് ആപ് സ്റ്റോറുകളിൽ നിന്ന് ഇത് ഡൗൺലോഡ് ചെയ്യാം.
ആപ്ലിക്കേഷന്റെ സേവനങ്ങൾ:
1. നിങ്ങളുടെ വിരലടയാളം, കണ്ണിന്റെ ഐറിസ് (ബയോമെട്രിക് ലോക്ക്) എന്നിവ ഉപയോഗിച്ചുള്ള ആധാർ ഇടപാടുകൾ ലോക്ക് ചെയ്യാം, അൺലോക്ക് ചെയ്യാം
2. ആധാർ നമ്പർ ഒരു ഇടപാടുകൾക്കും ഉപയോഗിക്കേണ്ടതില്ലെന്ന് തോന്നിയാൽ ലോക്ക് ചെയ്യാനും പറ്റും. നിങ്ങൾ വീട് മാറിയെങ്കിൽ ആധാറിലെ വിലാസം മാറ്റാവുന്നതാണ്.
3. 12 അക്കം ഉള്ള യഥാർഥ ആധാറിന് പകരം 16 അക്കം ഉള്ള വെർച്വൽ ഐഡി നമ്പർ ഉപയോഗിക്കാനാകും. ആധാർ നമ്പർ മറ്റുള്ളവരുമായി പങ്കുവയ്ക്കപ്പെടുന്നത് തടയാനാണ് ഈ സംവിധാനം.
4. ഇടപാടുകാരെ ഓഫ്‌ലൈനായി തിരിച്ചറിയാൻ നോ യുവർ കസ്റ്റമർ (കെവൈസി) രേഖയും ജനറേറ്റ് ചെയ്യാവുന്നതാണ്. ഇതിന് ക്യുആർ കോഡും കിട്ടും.
5. ആധാർ കാർഡ് ഓൺലൈനായി ഡൗൺലോഡ് ചെയ്യാം.
പാൻ- ആധാർ ബന്ധിപ്പിക്കാൻ മറക്കല്ലേ
പാൻ നമ്പർ ആധാറുമായി ബന്ധിപ്പിക്കാൻ ഈ മാസം 31 വരെയാണ് സമയം. ഇവ തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തനരഹിതമായേക്കാം.
അതോടെ ഫയലിംഗ്, വായ്പ തുടങ്ങിയ കാര്യങ്ങളിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടാകും.
പേര്, ജനനത്തിയതി എന്നിവ രണ്ട് രേഖകളിലും ഒരുപോലെയെങ്കിൽ എളുപ്പത്തിൽ ഇവ തമ്മിൽ ബന്ധിപ്പിക്കാവുന്നതാണ്. പാൻ കാർഡ് ആധാർ ബന്ധിപ്പിക്കൽ നിർബന്ധമെന്ന് സുപ്രിം കോടതി വ്യക്തമാക്കിയത് ഫെബ്രുവരിയിലാണ്.
www.incometaxindiaefiling.gov.in എന്ന വെബ്‌സൈറ്റിൽ കയറി ഇ- ഫയലിംഗ് പോർട്ടലിലെ ‘Link Aadhaar’ എന്ന സെക്ഷനിൽ ആധാർ നമ്പർ, പാൻ, ആധാർ കാർഡിലെ പേര് എന്നിവ നൽകുക. ഫോണിലെത്തുന്ന ഒടിപി ടൈപ്പ് ചെയ്താൽ പ്രക്രിയ പൂർത്തിയാകും.
അല്ലെങ്കിൽ മൊബൈലിൽ 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് UIDPAN(SPACE)12 Digit Aadhaar(SPACE)10 digit PAN എന്ന് എസ്എംഎസ് ആയി നൽകി ആധാർ നമ്പറും പാനും ബന്ധിപ്പിക്കാം.
maadhaar, aadhar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here