വെടിവെപ്പിൽ കൊല്ലപ്പെട്ടവർക്ക് ഇപ്പോൾ ധനസഹായമില്ല; വാക്ക് മാറ്റി യെദ്യൂരപ്പ

മംഗലാപുരം പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവർക്ക് ഇപ്പോൾ ധനസഹായം നൽകില്ലെന്ന് കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. സംഭവത്തിൽ അന്വേഷണം പൂർത്തിയായതിനു ശേഷം മാത്രമേ ധനസഹായത്തിൻ്റെ കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂ എന്ന് യെദ്യൂരപ്പ പറഞ്ഞു. കൊല്ലപ്പെട്ട രണ്ടു പേർക്ക് 10 ലക്ഷം രൂപ വീതം നൽകുമെന്ന വാഗ്ദാനത്തിൽ നിന്നാണ് അദ്ദേഹം പിന്നാക്കം പോയത്.
കഴിഞ്ഞ ദിവസം ബിജെപി എംഎൽഎ ബസവനഗൗഡ പാട്ടീൽ കൊല്ലപ്പെട്ടവർക്ക് ധനസഹായം നൽകരുതെന്ന് യെദ്യൂരപ്പയോട് ആവശ്യപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവർക്ക് പ്രഖ്യാപിച്ച ധനസഹായം പിൻവലിച്ച് ആ പണം പശു സംരക്ഷകർക്ക് നൽകണമെന്നും പാട്ടീൽ പറഞ്ഞു. ഇതേത്തുടർന്നാണ് യെദ്യൂരപ്പ വാക്ക് മാറ്റിയത്.
പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരെ വെടിവെച്ചു കൊല്ലണമെന്നും പാട്ടീൽ ആവശ്യപ്പെട്ടിരുന്നു. മംഗലാപുരത്ത് കൊല്ലപ്പെട്ടവർ നിരപരാധികളല്ല. അവർ അക്രമാസക്തരായ ഒരു ആൾക്കൂട്ടത്തിൻ്റെ ഭാഗമായിരുന്നു. രാജ്യത്തിനെതിരെ ഭാവിയിൽ കലാപമുണ്ടാക്കുന്നവരെയും വെടിവെച്ച് കൊല്ലണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടകയിലെ പൊലീസ് വെടിവെപ്പിൽ രണ്ടു പേരാണ് കൊല്ലപ്പെട്ടത്. ജലീൽ കുദ്രോളി, നൗഷീൻ എന്നിവർക്കാണ് ഡിസംബർ 19ന് പൊലീസ് നടത്തിയ വെടിവയ്പിൽ ജീവൻ നഷ്ടമായത്. സംഭവത്തിൽ കർണാടക സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
Story Highlights: BS Yeddyurappa, Mangalore Firing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here