രഞ്ജി ട്രോഫി; ഗുജറാത്തിനെതിരെ കേരളം 70 റൺസിനു പുറത്ത്

ഗുജറാത്തും കേരളവും തമ്മിലുള്ള രഞ്ജി മത്സരത്തിൽ കനത്ത വിക്കറ്റ് വീഴ്ച. ആദ്യ ഇന്നിംഗ്സിൽ 127 റൺസിനു പുറത്തായ ഗുജറാത്തിനു മറുപടി ബാറ്റിംഗുമായി ഇറങ്ങിയ കേരളം 70 റൺസിന് ഓൾ ഔട്ടായി. ഇതോടെ 57 റൺസിൻ്റെ നിർണായക ലീഡാണ് ഗുജറാത്ത് സ്വന്തമാക്കിയത്. 26 റൺസെടുത്ത റോബിൻ ഉത്തപ്പയാണ് കേരളത്തിൻ്റെ ടോപ്പ് സ്കോറർ. റൂഷ് കലാരിയ ഗുജറാത്തിനായി നാല് വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് തങ്ങളൊരുക്കിയ ബൗളിംഗ് പിച്ചിൽ സ്വയം വീഴുന്ന കാഴ്ചക്കാണ് സൂറത്ത് സാക്ഷ്യം വഹിച്ചത്. പ്രിയങ്ക് പഞ്ചലിൻ്റെയും (10) ഭാർഗവ് മേറയുടെയും (0) വിക്കറ്റുകൾ കെഎം ആസിഫ് സ്വന്തമാക്കിയതിനു ശേഷം ഗുജറാത്ത് മധ്യനിരയെ ഓൾറൗണ്ടർ ജലജ് സക്സേന തരിപ്പണമാക്കി. പാർത്ഥിവ് പട്ടേൽ (11), മൻപ്രീത് ജുനേജ (4), ധ്രുവ് റാവെൽ (1) എന്നിവരെ സക്സേന വേഗത്തിൽ മടക്കി അയച്ചു. അക്സർ പട്ടേലിനെ (10) സന്ദീപ് വാര്യർ മടക്കി അയച്ചു. പിയുഷ് ചൗള (32), സിദ്ധാർത്ഥ് ദേശായി (0) എന്നിവരെക്കൂടി പുറത്താക്കിയ സക്സേന അഞ്ചു വിക്കറ്റ് നേട്ടവും കുറിച്ചു. റൂഷ് കലാരിയ (2) സച്ചിൻ ബേബിയുടെ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടായി.
മറുപടി ബാറ്റിംഗിൽ കേരളവും വിറച്ചു. ജലജ് സക്സേന (0), സഞ്ജു സാംസൺ (5) എന്നിവരെ ചിന്തൻ ഗജ പുറത്താക്കി. സച്ചിൻ ബേബിയെ (0) പുറത്താക്കി വിക്കറ്റ് വേട്ട ആരംഭിച്ച കലാരിയ, പൊന്നം രാഹുൽ (17), റോബിൻ ഉത്തപ്പ (26), മുഹമ്മദ് അസ്‌ഹറുദ്ദീൻ (0) എന്നിവരെക്കൂടി മടക്കി അയച്ചു. വിഷ്ണു വിനോദ് (8), മോനിഷ് കെ (6), ബേസിൽ തമ്പി (0) എന്നിവരുടെ വിക്കറ്റുകൾ അക്സർ പട്ടേൽ സ്വന്തമാക്കി. കെഎം ആസിഫിനെ സിദ്ധാർത്ഥ് ദേശായിയും മടക്കി അയച്ചു.
മൂന്ന് മുഴുവൻ ദിവസങ്ങളും കൂടി അവശേഷിക്കവെ റിസൽട്ട് ഉണ്ടാവുമെന്ന് തീർച്ചയാണ്. ബൗളർമാരെ തുണക്കുന്ന പിച്ചിൽ കഴിയുന്നത്ര ലീഡെടുത്ത് കേരളത്തെ വേഗം പുറത്താക്കാനാവും ഗുജറാത്തിൻ്റെ ശ്രമം.
Story Highlights: Ranji Trophy, Kerala vs Gujarat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here