റോഹിൻഗ്യൻ അഭയാർത്ഥികളെ തിരിച്ചയക്കാനുള്ള നീക്കം തടഞ്ഞ് കൊൽക്കത്ത ഹൈക്കോടതി

റോഹിൻഗ്യൻ അഭയാർത്ഥികളെ മ്യാന്മാറിലേക്ക് തിരിച്ചയക്കാനുള്ള നീക്കം തടഞ്ഞ് കൊൽക്കത്ത ഹൈക്കോടതി. മാനവികതയുടെ അന്തസത്ത ഉയർത്തിപ്പിടിക്കാനാണ് ഈ നടപടിയെന്ന് ഹൈക്കോടതി വ്യക്തമാക്കി. റോഹിൻഗ്യൻ അഭയാർത്ഥികളെ തിരിച്ചയക്കുക തന്നെ ചെയ്യുമെന്ന് കേന്ദ്രസർക്കാർ നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് കോടതിയുടെ നടപടി.
റോഹിൻഗ്യൻ ദമ്പതികളായ അബ്ദുർ സുക്കുറും അനൊവാര ബീഗവുമാണ് കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചത്. ‘മ്യാന്മറിൽ നിന്ന് ജീവനും കൊണ്ടോടി വന്ന തങ്ങളെ തിരികെ അവിടേക്ക് തന്നെ അയക്കാൻ ഇന്ത്യൻ അധികൃതർ നടപടി തുടങ്ങി. വധശിക്ഷയ്ക്ക് തുല്യമായ പ്രവൃത്തിയാണ് ഇന്ത്യൻ അധികൃതരിൽ നിന്ന് ഉണ്ടാകുന്നത്’ എന്ന് റോഹിൻഗ്യൻ ദമ്പതികൾ പരാതിപ്പെട്ടു.
നടപടികൾ സ്റ്റേ ചെയ്ത ജസ്റ്റിസ് സബ്യസാചി ഭട്ടാചാര്യ, ഹർജിയിൽ അന്തിമ തീരുമാനമെടുക്കുന്നത് വരെ റോഹിൻഗ്യൻ ആഭയാർത്ഥികൾക്ക് നിയമപരമായ സുരക്ഷ ഒരുക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കി. യുഎൻ ചാർട്ടറിലും ഇന്ത്യൻ ഭരണഘടനയിലും ഇക്കാര്യമുണ്ട്. മാനവികത ഉയർത്തിപ്പിടിച്ചാണ് സ്റ്റേ ഉത്തരവെന്നും കൊൽക്കത്ത ഹൈക്കോടതി ചൂണ്ടിക്കാട്ടി. റോഹിൻഗ്യകൾ സുപ്രിംകോടതിയിൽ നൽകിയ ഹർജികളിൽ ഇടക്കാല സംരക്ഷണം നൽകിയിരുന്നില്ല.
Story highlight: Rohingya refugees, Calcutta High Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here