മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന നടപടികള്‍ അന്തിമ ഘട്ടത്തില്‍; നാളെ പട്ടിണി സമരം ആരംഭിക്കുമെന്ന് പ്രദേശവാസികള്‍

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന നടപടികള്‍ അന്തിമ ഘട്ടത്തില്‍. അതേസമയം പൊളിക്കുന്ന ഫ്‌ളാറ്റുകള്‍ക്ക് സമീപം താമസിക്കുന്നവരുടെ ആശങ്ക പരിഹരിക്കാനായിട്ടില്ല. സുരക്ഷയും നഷ്ടപരിഹാരവും സംബന്ധിച്ച് വ്യക്തയുള്ള ഉറപ്പുകള്‍ ലഭിക്കാത്തതിനാല്‍ നാളെ മുതല്‍ പ്രദേശവാസികള്‍ പട്ടിണി സമരം ആരംഭിക്കും.
ആല്‍ഫാ സെറീന്‍ ഫ്‌ളാറ്റിന്റെ സമീപത്താണ് ഏറ്റവുമധികം വീടുകളുള്ളത്. ഇവിടെയുള്ള നാല്‍പതോളം കുടുംബങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാതെയാണ് ഫ്‌ളാറ്റ് സ്‌ഫോടനത്തിലുടെ തകര്‍ക്കുന്ന നടപടികളിലേക്ക് കടക്കുന്നത്. സുരക്ഷ സംബന്ധിച്ച ഉറപ്പുകളെല്ലാം പാഴ്‌വാക്കായി . നിരവധി വീടുകള്‍ക്ക് ഇതിനകം വിള്ളല്‍ വീണു. പതിനൊന്ന്, 12 തീയതികളിലാണ് സ്‌ഫോടനത്തിലൂടെ ഫ്‌ളാറ്റുകള്‍ തകര്‍ക്കാന്‍ നിശ്ചയിരിക്കുന്നത്. നഷ്ടപരിഹാരം സംബന്ധിച്ച് വ്യക്തതയുള്ള ഉറപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
പൊളിക്കുന്ന തീയതി മാറ്റില്ലെന്നാണ് പ്രത്യേക ചുമതലയുള്ള സബ് കളക്ടര്‍ സ്‌നേഹില്‍ കുമാറിന്റെ നിലപാട്. ഇതോടെയാണ് നാട്ടുകാര്‍ പുതുവത്സര ദിനം മുതല്‍ മുതല്‍ പട്ടിണി സമരത്തിലേക്ക് കടക്കുന്നത്. അതേസമയം വിദഗ്ധ സമിതി ഇന്ന് ഫ്‌ളാറ്റുകള്‍ സന്ദര്‍ശിച്ച് പണികള്‍ വിലയിരുത്തി. ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റില്‍ ഭിത്തികള്‍ തകര്‍ക്കുന്ന ജോലികള്‍ പൂര്‍ത്തിയായി , എന്നാല്‍ എച്ച്2ഒ , ജെയിന്‍, ആല്‍ഫ സെറീന്‍ എന്നിവിടങ്ങളില്‍ ഭാഗീകമായി മാത്രമേ പൂര്‍ത്തിയായിട്ടുള്ളു.
അതേസമയം സ്‌ഫോടക വസ്തുക്കളുടെ ആദ്യ ഘട്ടം അങ്കമാലിയിലെ വെടിമരുന്നു സംഭരണശാലയില്‍ എത്തിച്ചു. മൊത്തം 650 കിലോഗ്രാം എമല്‍ഷന്‍ സ്‌ഫോടക വസ്തുക്കളാണ് എത്തിച്ചത്. സ്‌ഫോടനം നടത്താന്‍ പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസിവ്‌സ് ഓര്‍ഗനൈസേഷന്റെ എന്‍ഒസി കൂടി വേണം. ഇത് ഇതുവരെ ലഭിച്ചിട്ടില്ല. ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറക്കുന്നതിനായി ദ്വാരങ്ങളിടുന്ന ജോലി വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here