ദേശീയ ജനസംഖ്യാ രജിസ്റ്റർ പുതുക്കൽ; സംസ്ഥാനങ്ങളുടെ എതിർപ്പ് തള്ളി കേന്ദ്രസർക്കാർ

ദേശീയ ജനസംഖ്യാ രജിസ്റ്റർ പുതുക്കുന്ന വിഷയത്തിൽ സംസ്ഥാനങ്ങളുടെ എതിർപ്പ് തള്ളി കേന്ദ്രസർക്കാർ. നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങളെ അറിയിക്കും.
ദേശീയ ജനസംഖ്യാ രജിസ്റ്റർ പുതുക്കുന്ന വിഷയത്തിൽ വിവിധ സംസ്ഥാനങ്ങൾ പരസ്യമായി ആശങ്കകൾ ഉന്നയിച്ചിരുന്നു. പൗരത്വ രജിസ്റ്റർ ഉണ്ടാക്കുന്നതിന്റെ മുന്നോടിയായാണ് നടപടി എന്നതടക്കമായിരുന്നു വിമർശനം. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും തമ്മിൽ ബന്ധമില്ലെന്ന നിലപാട് സ്വീകരിച്ചു. ഇതുകൊണ്ടും സംസ്ഥാന സർക്കാരുകളുടെ നിലപാടിൽ മാറ്റം ഉണ്ടായില്ല.
Read Also : എൻപിആർ ചോദ്യാവലിക്ക് കേന്ദ്രസർക്കാർ അംഗീകാരം; രക്ഷിതാക്കളുടെ ജന്മസ്ഥലവും ചോദ്യപ്പട്ടികയിൽ
ജനസംഖ്യാ രജിസ്റ്റർ പുതുക്കുന്ന നടപടികൾ തടസപ്പെടുന്ന വിധത്തിലാണ് കാര്യങ്ങൾ പുരോഗമിച്ചത്. ഇങ്ങനെയുള്ള പശ്ചാത്തലത്തിൽ കേന്ദ്ര അഭ്യന്തരമന്ത്രാലം നിലപാട് കടുപ്പിക്കുകയായിരുന്നു. എല്ലാ സംസ്ഥാനങ്ങൾക്കും ജനസംഖ്യാ രജിസ്റ്റർ പുതുക്കുന്നതിനോട് നിർബന്ധമായും സഹകരിക്കാൻ നിർദേശിച്ച് കേന്ദ്രസർക്കാർ കത്തയയ്ക്കും.
ആഭ്യന്തര സെക്രട്ടറിയാകും ചീഫ് സെക്രട്ടറിമാരോട് കേന്ദ്രനിലപാട് വിശദമാക്കുക. വിവിധ സംസ്ഥാനങ്ങൾ ഉന്നയിച്ച വാദങ്ങൾ അനാവശ്യമാണെന്നും വികസന ക്ഷേമ പദ്ധതികൾ തയ്യാറാക്കാനാവശ്യമായ സ്ഥിതി വിവരത്തിനാണ് രേഖകൾ എന്നുമാണ് ആഭ്യന്തരമന്ത്രാലയം വിശദികരിക്കുക.
മാത്രമല്ല സാധ്യമായതിൽ വേഗം ജനസംഖ്യാ രജിസ്റ്റർ പുതുക്കുന്ന നടപടി ക്രമങ്ങൾക്ക് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങളോട് നിർദേശിക്കും.
Story Highlights- NPR,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here