മന്ത്രി സ്ഥാനത്തെ ചൊല്ലി എൻസിപിയിൽ വീണ്ടും ഭിന്നത

മന്ത്രി സ്ഥാനത്തെ ചൊല്ലി എൻസിപിയിൽ വീണ്ടും ഭിന്നത. മാണി സി കാപ്പന് പിന്നാലെ മന്ത്രി എ കെ ശശീന്ദ്രനേയും ശരത് പവാർ മുംബൈക്ക് വിളിപ്പിച്ചു. മകന്റെ കല്യാണം ക്ഷണിക്കാനാണ് പവാറിനെ കണ്ടതെന്ന് എ കെ ശശീന്ദ്രൻ പറഞ്ഞു.
പാലായിൽ അട്ടിമറി ജയം നേടിയ മാണി സി കാപ്പനെ മന്ത്രിയാക്കാൻ സിപിഐഎം ഒരുക്കമാണ്. എന്നാൽ തീരുമാനം വരേണ്ടത് എൻസിപിയിൽ നിന്നെന്ന നിലപാടാണ് സിപിഐഎമ്മിന്റേത്. എ കെ ശശീന്ദ്രനാകട്ടെ മന്ത്രി പദം ഒഴിയാനും തയ്യാറല്ല. സംസ്ഥാന അധ്യക്ഷൻ തോമസ് ചാണ്ടിയുടെ മരണത്തോടെ മന്ത്രി സ്ഥാനത്തിനുള്ള നീക്കം മാണി സി കാപ്പൻ അനുകൂലികൾ സജീവമാക്കി. ആദ്യം സംസ്ഥാന പ്രസിഡന്റിനെ കണ്ടെത്തട്ടെ എന്ന നിലപാടിലാണ് എൻസിപി ദേശീയ നേതൃത്വം.
ശശീന്ദ്രനും മാണി സി കാപ്പനും സംസ്ഥാന പ്രസിഡന്റാവാൻ താത്പര്യവുമില്ല. എൻസിപി നേതാവ് പ്രഫുൽ പട്ടേൽ അടുത്ത മാസം കേരളത്തിലെത്തി നേതാക്കളുടെ മനസ് അറിയും. പുതിയ പ്രസിഡന്റിനെ വേഗം നിശ്ചയിക്കാനായില്ലെങ്കിൽ ടി പി പീതാംബരനെ താത്കാലിക അധ്യക്ഷനാക്കിയേക്കും. തോമസ് ചാണ്ടിയുടെ മരണത്തെ തുടർന്ന് ഒഴിവുവന്ന കുട്ടനാട് സീറ്റ് സിപിഐഎം ഏറ്റെടുക്കുമോ, ഫ്രാൻസിസ് ജോർജ് പക്ഷ കേരള കോൺഗ്രസിന് കൈമാറുമോ എന്ന ആശങ്ക എൻസിപി നേതാക്കൾക്കുണ്ട്. ഈ സാഹചര്യത്തിൽ എത്രയും വേഗം അധ്യക്ഷനെ നിശ്ചയിക്കണമെന്ന വികാരമാണ് സംസ്ഥാന നേതാക്കൾക്ക്. പാർട്ടി സംസ്ഥാന അധ്യക്ഷൻ തോമസ് ചാണ്ടി മരണമടഞ്ഞിട്ട് ദിവസങ്ങളായെങ്കിലും തലസ്ഥാനത്ത് അനുസ്മരണ പരിപാടി നടത്താൻ പോലും എൻസിപി നേതാക്കൾക്കായിട്ടില്ല.
story highlights-NCP, a k saseendran, thomas chandy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here