നടിയെ അക്രമിച്ച കേസ്; ദിലീപ് സമർപ്പിച്ച വിടുതൽ ഹർജിയിൽ കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് വിധി പറയും

നടിയെ അക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപ് സമർപ്പിച്ച വിടുതൽ ഹർജിയിൽ കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് വിധി പറയും. കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. കുറ്റപത്രത്തിൽ മതിയായ തെളിവുകളില്ലെന്നാണ് ദിലീപിന്റെ വാദം.
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയാണ് ദിലീപ്. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ദിലീപ് വിചാരണക്കോടതിയിൽ വിടുതൽ ഹർജി സമർപ്പിച്ചത്. വിചാരണക്കാവശ്യമായ ശക്തമായ തെളിവുകൾ ദിലീപിനെതിരെയുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. കേസിലെ പത്താം പ്രതി വിഷ്ണു സമർപ്പിച്ച വിടുതൽ ഹർജിയിലും കോടതി ഇന്ന് വിധിപറയും.
പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്നതിനു മുന്നോടിയായുള്ള പ്രാഥമിക വാദം നേരത്തെ പൂർത്തിയായിരുന്നു. ഇരയ്‌ക്കെതിരെ ആരോപണങ്ങളുന്നയിച്ചാണ് ദിലീപ് വിടുതൽ ഹർജി നൽകിയത്. അടച്ചിട്ട കോടതി മുറിയിലാണ് കേസിന്റെ വാദം കേട്ടത്. ഇരയുടെ സ്വകാര്യതയെ ബാധിക്കുമെന്നതിനാൽ ഹർജിയിലെ വിവരങ്ങൾ പുറത്ത് വിടുന്നതിന് കോടതി വിലക്കേർപ്പെടുത്തിയിരുന്നു. പ്രാരംഭവാദം പൂർത്തിയായതിനാൽ പ്രതികൾക്കെതിരെ കുറ്റംചുമത്തുന്ന കാര്യത്തിൽ കോടതി ഇന്ന് തീരുമാനമെടുത്തേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here