ഒബിസി പട്ടികയിൽ കൂടുതൽ പിന്നാക്ക വിഭാഗങ്ങളെ ഉൾപ്പെടുത്തണം; കേന്ദ്രത്തോട് ശുപാർശ ചെയ്ത് ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ

ഒബിസി പട്ടികയിൽ കൂടുതൽ പിന്നാക്ക വിഭാഗങ്ങളെ ഉൾപ്പെടുത്താൻ കേന്ദ്രത്തോട് ശുപാർശ ചെയ്യുമെന്ന് ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ. തിരുവനന്തപുരത്ത് നടത്തിയ സിറ്റിങ്ങിൽ പിന്നാക്ക വിഭാഗങ്ങളുടെ പ്രതിനിധികളുമായുളള കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു കമ്മീഷൻ
കേന്ദ്ര ഒബിസി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം വെള്ളാർ, നായിഡു വിഭാഗങ്ങളാണ് കമ്മീഷന് മുൻപിൽ അവതരിപ്പിച്ചത്. നിലവിൽ കേന്ദ്രത്തിന്റെ പട്ടികയിൽ തങ്ങൾ ഇല്ലാത്തതിനാൽ വിദ്യാഭ്യാസ രംഗത്തും പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലിലും അവസരം ലഭിക്കുന്നില്ലെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
80ഓളം പിന്നാക്ക വിഭാഗങ്ങളുള്ളതിനാൽ ഉപവിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നും പരാതി ഉയർന്നു. ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കാമെന്ന് കമ്മീഷൻ ഉറപ്പ് നൽകി. സംസ്ഥാനത്തെ ഒബിസി വിഭാഗങ്ങളുടെ നിലവിലെ സാമൂഹ്യ അവസ്ഥ, വിദ്യാഭ്യാസ-തൊഴിൽ സംവരണം തുടങ്ങിയവയെ കുറിച്ച് ചീഫ് സെക്രട്ടറി ടോം ജോസും കമ്മീഷന് മുൻപിൽ ഹാജരായി വിവരങ്ങൾ കൈമാറി.
ഒബിസി വിഭാഗങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കമ്മീഷന് മുൻപിൽ ഹാജരായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here