‘വെറുപ്പിനും അക്രമത്തിനുമെതിരെ ഒന്നിച്ച് നിൽക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’; ജെഎൻയു വിഷയത്തിൽ നിവിൻ പോളിയുടെ കുറിപ്പ്

ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമെതിരെയുണ്ടായ അക്രമത്തിൽ അമർഷം രേഖപ്പെടുത്തി യുവതാരം നിവിൻ പോളി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രസ്താവന.

‘കഴിഞ്ഞ രാത്രി ജെഎൻയുവിൽ ഉണ്ടായ ആക്രണം ഞെട്ടിക്കുന്നതും പേടിപ്പിക്കുന്നതുമാണ്. ക്രൂരതയുടെ അങ്ങേയറ്റമാണിത്. വിദ്യാർത്ഥികളെയും അധ്യാപകരെയും ആക്രമിച്ചവരെ ശിക്ഷിക്കണം. വെറുപ്പിനും ആക്രമണത്തിനുമെതിരെ ഒന്നിച്ച് നിൽക്കേണ്ട സമയം അതിക്രമിച്ചു’-താരം ഫേസ്ബുക്കിൽ കുറിച്ചു.

നേരത്തെ മലയാളി താരങ്ങളായ പൃഥ്വിരാജ് സുകുമാരനും, മഞ്ജു വാര്യറും ജെഎൻയു അക്രമത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു.

ജനാധിപത്യ മൂല്യങ്ങളെ കൊല്ലുന്നതിന് തുല്യമാണ് കലാലയത്തിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥികളെ അക്രമിക്കുന്നത്. ഹിംസയും നശീകരണ മനോഭാവവും ഒന്നിനും പരിഹാരമല്ലെന്നും ഈ കുറ്റകൃത്യം ഏറ്റവും വലിയ ശിക്ഷ തന്നെ അർഹിക്കുന്നുവെന്നും ഇംഗ്ലീഷിൽ എഴുതിയ കുറിപ്പിൽ പൃഥ്വിരാജ് പറഞ്ഞു.

Read Also : ‘ഇത് ജനാധിപത്യ മൂല്യങ്ങളെ കൊല്ലുന്നതിന് തുല്യം’: ജെഎൻയു അക്രമത്തെ അപലപിച്ച് പൃഥ്വിരാജ്

ജെഎൻയുവിൽ അടിയേറ്റു വീണ കുട്ടികൾക്കൊപ്പമാണ് താനെന്ന് മലയാളത്തിന്റെ പ്രശസ്ത അഭിനേത്രി മഞ്ജു വാര്യർ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം നിലപാട് വ്യക്തമാക്കിയത്. ജെഎൻയു രാജ്യത്തിന്റെ അറിവിന്റെ അടയാളമായിരുന്നു എന്നും ഇരുളിന്റെ മറവിൽ അക്രമം നടത്തുന്നതിലെ രാഷ്ട്രീയത്തെ പിന്തുണക്കാനാവില്ലെന്നും മഞ്ജു വ്യക്തമാക്കി.

Read Also : ‘ഇരുളിന്റെ മറവിലെ അക്രമരാഷ്ട്രീയത്തെ പിന്തുണക്കാനാവില്ല’: ജെഎൻയു സംഭവത്തിൽ പ്രതികരിച്ച് മഞ്ജു വാര്യർ

ഇന്നലെയാണ് ഫീസ് വർധനവിനെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികളെ എബിവിപി പ്രവർത്തകർ ആക്രമിച്ചത്. സംഭവത്തിൽ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷ ഘോഷിന് പരുക്കേറ്റു. കഴിഞ്ഞ ദിവസം എബിവിപി പ്രവർത്തകരും സമരക്കാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. അതിന്റെ തുടർച്ചയായാണ് ഇന്നലെ നടന്ന സംഭവം.

Story Highlights- JNU, Nivin Pauly

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top