നാലാം നമ്പർ സ്ഥാനം ശ്രേയസ് അയ്യർ ഉറപ്പിച്ചു; രോഹിത് ശർമ

ടീമിലെ നാലാം നമ്പർ താരത്തിനായുള്ള വർഷങ്ങൾ നീണ്ട അന്വേഷണം അവസാനിച്ചുവെന്ന് ഇന്ത്യൻ ഉപനായകൻ രോഹിത് ശർമ. ആ സ്ഥാനം ശ്രേയസ് അയ്യർ ഉറപ്പിച്ചുവെന്നും ഇനി ആരും ആ സ്ഥാനത്തിനു വേണ്ടി കാത്തിരിക്കേണ്ടെന്നും രോഹിത് പറഞ്ഞു. അവസരം ലഭിച്ചപ്പോഴൊക്കെ ശ്രേയസ് മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ടെന്നും രോഹിത് സാക്ഷ്യപ്പെടുത്തി.
“സ്ഥിരതയാര്‍ന്ന പ്രകടനമാണ് നാലാം നമ്പറില്‍ ശ്രേയസ് കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. നാലാ നമ്പർ പൊസിഷൻ മറ്റാർക്കും വിട്ടുകൊടുക്കാതിരിക്കാനുള്ള കഴിവ് അവനുണ്ട്. ഇനി ആ പൊസിഷനിൽ വർഷങ്ങളോളം തനിക്ക് കളിക്കാൻ കഴിയുമെന്ന് ശ്രേയസിനറിയാം. ടീമിൽ താൻ സുരക്ഷിതനാണെന്ന തിരിച്ചറിവ് അവനുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ അവന് സമ്മർദ്ദമില്ല. ഫ്രീയായി കളിക്കാൻ കഴിയുന്നുണ്ട്. മറ്റു ബാറ്റിംഗ് പൊസിഷനുകളിലും ഇതു പോലെ ഫ്രീ ആയി കളിച്ച് തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ താരങ്ങൾ ശ്രമിക്കണം”- രോഹിത് പറഞ്ഞു.
ഓപ്പണറായി മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കുന്ന ലോകേഷ് രാഹുലിനെയും രോഹിത് പുകഴ്ത്തി. പോസിറ്റീവായാണ് രാഹുൽ ഇപ്പോൾ കളിയെ സമീപിക്കുന്നതെന്നും അദ്ദേഹത്തിന് നല്ല സമയമാണെന്നും രോഹിത് പറയുന്നു.
ശ്രീലങ്കക്കെതിരെ നടക്കുന്ന ടി-20 പരമ്പരയിൽ വിശ്രമത്തിലാണ് രോഹിത് ശർമ്മ. കഴിഞ്ഞ വർഷം ഏകദിനത്തിൽ ഏറ്റവുമധികം റൺസ് നേടിയത് രോഹിത് ശർമ്മയായിരുന്നു.
അതേ സമയം, ഇന്നലെ നടന്ന രണ്ടാം ടി-20 മത്സരത്തിൽ ഇന്ത്യ ഏഴു വിക്കറ്റിനാണ് ജയം കുറിച്ചത്. നിശ്ചിത 20 ഓവറില്‍ 142 റണ്‍സ് എടുക്കാനെ ശ്രീലങ്കയ്ക്കായുള്ളൂ. ഓപ്പണര്‍മാരായ കെ എല്‍ രാഹുലും ശിഖര്‍ ധവാനും മികച്ച തുടക്കം നല്‍കിയതോടെ ഇന്ത്യ അനായാസ വിജയം നേടുകയായിരുന്നു. 32 ബോളില്‍ 45 റണ്‍സെടുത്ത് കെ എല്‍ രാഹുലും 29 ബോളില്‍ 32 റണ്‍സെടുത്ത് ശിഖര്‍ ധവാനും ഇന്ത്യക്ക് കരുത്ത് പകര്‍ന്നു. ശ്രേയസ് അയ്യര്‍ 34, വിരാട് കോലി 30* എന്നിങ്ങനെയും സ്‌കോര്‍ ചെയ്തു. സിക്‌സര്‍ പറത്തിയാണ് കോലി ഇന്ത്യയെ വിജയ തീരത്തെത്തിച്ചത്.
Story Highlights: Shreyas Iyer, Rohit Sharma
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here