അനധികൃത സ്വത്ത് സമ്പാദന പരാതി; ജേക്കബ് തോമസിനെ പ്രതിയാക്കി കേസെടുക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്
അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ ജേക്കബ് തോമസിനെ പ്രതിയാക്കി കേസെടുക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കോടതിയിൽ അനുമതി തേടി. ജേക്കബ് തോമസിനെതിരെ പ്രഥമദൃഷ്ട്യ തെളിവുണ്ടെന്ന വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച് നടപടി.
തമിഴ്നാട്ടിലെ രാജപാളയത്ത് ഏക്കറു കണക്കിന് ഭൂമി ജേക്കബ് തോമസ് സർവീസിലിരിക്കെ വാങ്ങി കൂട്ടിയെന്ന പരാതിയിലാണ് കേസെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. പരാതി പരിശോധിച്ച ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി ബിനാമി സ്വത്ത് സമ്പാദന കൈമാറ്റ നിരോധന നിയമപ്രകാരം അന്വേഷണം നടത്തി ജേക്കബ് തോമസ് കുറ്റം ചെയ്തിട്ടുണ്ടോ എന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റ് എസ്പി അബ്ദുൾ റഷീദിന് അന്വേഷണം കൈമാറി. ജേക്കബ് തോമസിനെതിരെ പ്രഥമ ദൃഷ്ട്യ തെളിവുണ്ടെന്ന വിലയിരുത്തലയിലാണ് പ്രതി ചേർത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചത്.
ബിനാമി സ്വത്ത് കൈമാറ്റ നിരോധന നിയമപ്രകാരമുള്ള നടപടികളായതിനാൽ ജേക്കബ് തോമസിനെ പ്രതി ചേർത്ത് എഫ്‌ഐആർ തയാറാക്കാൻ കോടതിയുടെ അനുമതി വേണം. ഇതിനായി തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകി. നിലവിൽ സ്റ്റിൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസ് എംഡി ആണ് ജേക്കബ് തോമസ്.
ക്രൈംബ്രാഞ്ച് അന്വേഷണത്തെ ആരംഭിച്ചാൽ ജേക്കബ് തോമസിന് സസ്പെൻഷൻ ഉണ്ടായേക്കും. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജർ അഴിമതി നടത്തിയെന്ന കേസിൽ ജേക്കബ് തോമസിനെതിരെ വിജിലൻസ് അന്വേഷണവും നടക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here