അറസ്റ്റഡ് ലാൻഡിംഗിന്റെ പരീക്ഷണം ഐഎൻഎസ് വിക്രമാദിത്യയിൽ വിജയകരമായി പൂർത്തീകരിച്ചു

പോർവിമാനത്തെ ഉരുക്കുവടങ്ങൾ കൊണ്ട് പിടിച്ചുകെട്ടുന്ന അറസ്റ്റഡ് ലാൻഡിംഗിന്റെ പരീക്ഷണം വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ ഇന്ത്യ വിജയകരമായി പൂർത്തീകരിച്ചു. അറബിക്കടലിൽ നിലയുറപ്പിച്ചിരിക്കുന്ന കപ്പലിലാണ് ഇന്ത്യ ചരിത്രം നേട്ടത്തിന് വേദിയൊരുക്കിയത്. നാവികസേനക്കായി പ്രത്യേകം നിർമിച്ച കോമ്പാക്ട് എയർക്രാഫ്റ്റായ തേജസിലാണ് ഇന്ത്യ പരീക്ഷണം പൂർത്തിയാക്കിയത്. 30 വിമാനങ്ങൾ വഹിക്കാൻ ശേഷിയുള്ള യുദ്ധക്കപ്പലാണ് ഐഎൻഎസ് വിക്രമാദിത്യ.
കരയിലെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതിന് ശേഷമാണ് ഐഎൻഎസ് വിക്രമാദിത്യയിൽ പരീക്ഷണം നടത്തിയത്. കമാൻഡർ ജെഎ മാവ്‌ലങ്കാറാണ് വിമാനം കപ്പലിൽ ലാൻഡ് ചെയ്യിപ്പിച്ചതെന്ന് ഡിഫൻസ് റിസർച്ച് ഡെവലപ്പമെന്റ് ഓർഗനൈസേഷൻ അറിയിച്ചു. ഡിആർഡിഒയും എഡിഎയും സംയുക്തമായി ചേർന്നാണ് അറസ്റ്റഡ് ലാൻഡിംഗിന് സാധിക്കുന്ന തേജസ് വികസിപ്പിച്ചെടുത്തത്. വിദേശനിർമിത മിഗ് 29ന്റെ മറ്റൊരു പതിപ്പാണ് തേജസ്.
യുഎസ്, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങൾ വികസിപ്പിച്ച ഏതാനും യുദ്ധവിമാനങ്ങൾ മാത്രമേ ഇതുവരെ യുദ്ധക്കപ്പലുകളിൽ ‘അറസ്റ്റഡ് ലാൻഡിംഗ്’ നടത്തിയിട്ടുള്ളൂ. പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ചരിത്രനേട്ടം കൈവരിച്ച നാവികസേനയേയും ഡിആർഡിഒയെയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. റൺവേയിലിറങ്ങുന്ന വിമാനം അധികദൂരം ഓടും മുമ്പ് പിടിച്ചുകെട്ടിനിർത്തുന്നതിനെയാണ് ‘അറസ്റ്റഡ് ലാൻഡിംഗ്’ എന്നു പറയുന്നത്. വിമാനത്തിനടിയിൽ വാലിനടുത്തായി ഇതിനായി രൂപകൽപ്പന ചെയ്ത കൊളുത്തുണ്ടാകും. വിമാനമിറങ്ങമ്പോൾ വിമാനവാഹിനിക്കപ്പലുകളുടെ ഡെക്കിൽ ഇട്ടിട്ടുള്ള ബലമേറിയ ഉരുക്കു വടങ്ങളിൽ ഈ കൊളുത്തുടക്കും. മുന്നോട്ടോടുന്ന വിമാനം പിടിച്ചുകെട്ടിയപോലെ നിൽക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here