ബിസിസിഐ ഉപദേശക സമിതിയിൽ ഗംഭീറും മദൻ ലാലും

ബിസിസിഐ ഉപദേശക സമിതിയിൽ മുൻ ദേശീയ താരങ്ങളായ ഗൗതം ഗംഭീറും മദൻ ലാലും ഉൾപ്പെടുമെന്ന് റിപ്പോർട്ട്. ഇവർക്കൊപ്പം മുൻ വനിതാ താരം സുലക്ഷണാ നായിക്കും കമ്മിറ്റിയില്‍ ഉണ്ടെന്നും സൂചനയുണ്ട്. സുലക്ഷണയുടെ കാര്യത്തിൽ ഉറപ്പില്ലെങ്കിലും മദൻലാലും ഗംഭീറും കമ്മറ്റിയിൽ ഉണ്ടാവുമെന്നാണ് റിപ്പോർട്ട്. അടുത്ത നാലു വർഷത്തേക്കുള്ള ഇന്ത്യൻ സെലക്ഷൻ കമ്മറ്റിയെ തെരഞ്ഞെടുക്കാനുള്ള ചുമതല ഈ ഉപദേശക സമിതിക്കാവും.
ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങളിൽ നിർണായക പങ്കു വഹിച്ച താരങ്ങളാണ് മദൻലാലും ഗംഭീറും. 1974-1987 കാലഘട്ടത്തില്‍ ഇന്ത്യക്കായി 39 ടെസ്റ്റുകളും 67 ഏകദിനങ്ങളും കളിച്ചിട്ടുള്ള ആളാണ് മദൻലാൽ. 1983 ലോകകപ്പ് ഫൈനലിൽ അദ്ദേഹം മൂന്നു വിക്കറ്റ് നേടിയിരുന്നു. കമ്മറ്റിയിലെ രണ്ടാമത്തെ അംഗമായ ഗൗതം ഗംഭീർ 2011 ലോകകപ്പ് ഫൈനലിൽ 91 റൺസെടുത്തിരുന്നു. സുലക്ഷണാ നായിക് ആവട്ടെ ഇന്ത്യക്കായി രണ്ട് ടെസ്റ്റുകളും 46 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.
എംഎസ്കെ പ്രസാദിൻ്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മറ്റിയുടെ കാലാവധി അവസാനിച്ചതിനെത്തുടർന്നാണ് പുതിയ സെലക്ഷൻ കമ്മറ്റിയെ തിരഞ്ഞെടുക്കാനുള്ള പ്രവർത്തനങ്ങൾ ബിസിസിഐ ആരംഭിച്ചത്. മുൻ സെലക്ഷൻ കമ്മറ്റിയുടെ തിരഞ്ഞെടുപ്പുകൾ വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. പ്രസാദ് ഉൾപ്പെടെ കമ്മറ്റിയിലുണ്ടായിരുന്ന രണ്ട് പേർ മാത്രമാണ് അഞ്ചു വർഷം പൂർത്തിയാക്കി കളമൊഴിയുന്നത്. മറ്റു മൂന്നു പേർക്ക് ഒരു വർഷം കൂടി അവശേഷിക്കുന്നുണ്ട്. സെലക്ഷൻ കമ്മറ്റി മൊത്തത്തിൽ പൊളിച്ചു പണിയുമെന്ന സൂചന നേരത്തെ ബിസിസിഐ നൽകിയിരുന്നതു കൊണ്ട് തന്നെ മദൻലാലും സംഘവും ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് നിർണായകമാകും.
Story Highlights: BCCI, Gautam Gambhir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here