എറണാകുളം – അങ്കമാലി അതിരൂപത ഭൂമിയിടപാടിലുണ്ടായ നഷ്ടം നികത്തണമെന്ന് ബിഷപ്പുമാര്‍

എറണാകുളം – അങ്കമാലി അതിരൂപത ഭൂമിയിടപാടിലുണ്ടായ നഷ്ടം നികത്തണമെന്ന് ബിഷപ്പുമാര്‍. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നാലു ദിവസമായി നടന്നു വരുന്ന സീറോ മലബാര്‍ സഭാ സിനഡിലാണ് എറണാകുളം – അങ്കമാലി അതിരൂപതയില്‍ നിന്നുള്ള ഒന്‍പത് ബിഷപ്പുമാര്‍ ആവശ്യം ഉയര്‍ത്തിയത്. തുടര്‍ന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വൈദീകരെയും അല്‍മായരെയും നേരില്‍ കണ്ട് ഭൂമിയിടപാടിലെ കാര്യങ്ങള്‍ ബോധിപ്പിക്കണമെന്ന് സിനഡ് നിര്‍ദേശം നല്‍കി.

എറണാകുളം – അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് 41.51 കോടി രൂപയുടെ നഷ്ടം ഉണ്ടെന്നാണ് ഇഞ്ചോടി കമ്മീഷന്റെ കണ്ടെത്തല്‍. ഈ സാമ്പത്തിക നഷ്ടം നികത്തണമെന്ന് മൂന്ന് മാസം മുമ്പ് നടന്ന സിനഡ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതുവരെയും നഷ്ടം നികത്താത്തതിനെതിരെ വൈദീകരും അല്‍മായരും സിനഡിന് കത്ത് നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് എറണാകുളം – അങ്കമാലി അതിരൂപതയില്‍ നിന്നുള്ള ഒന്‍പത് ബിഷപ്പുമാര്‍ സിനഡില്‍ വിഷയം അവതരിപ്പിച്ചത്. നഷ്ടം നികത്താന്‍ മാര്‍ ആലഞ്ചേരി ബാധ്യസ്ഥനാണെന്ന് ബിഷപ്പുമാര്‍ പറഞ്ഞു. എന്നാല്‍ അതിരൂപതയുടെ സ്ഥലംവില്‍ക്കാതെ നഷ്ടം നികത്താനാവില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അറിയിച്ചു.

വൈദീകരും അല്‍മായരും സ്ഥലം വില്‍ക്കാന്‍ അനുവദിക്കില്ല. തന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം സിനഡില്‍ പറഞ്ഞു. വൈദീകരെയും അല്‍മായരെയും കണ്ട് ഭൂമിയിടപാടിലെ കാര്യങ്ങള്‍ ബോധിപ്പിക്കണമെന്ന് സഭാ സിനഡ് അദ്ദേഹത്തിന് നിര്‍ദേശം നല്‍കി. പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നും എല്ലാവരുമായി യോജിച്ചുപോകാനും സിനഡില്‍ അഭിപ്രായം ഉയര്‍ന്നു.

ഭൂമിയിടപാടിലെ സാമ്പത്തിക നഷ്ടം നികത്താന്‍ വത്തിക്കാന്‍ നേരത്തെ സിനഡിനോട് ആവശ്യപ്പെട്ടിരുന്നു. ഭൂമി വിവാദത്തിന് പുറമേ ആരാധനക്രമത്തിലെ ഏകീകരണവും കൂടുതല്‍ രൂപതകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും സിനഡ് ചര്‍ച്ച ചെയ്യുന്നുണ്ട്. ഈ മാസം 10ന് തുടങ്ങിയ സിനഡ് മറ്റന്നാള്‍ സമാപിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top