Advertisement

ശബരിമല കേസ്; ചേലാകർമം കൂടി പരിഗണിക്കണമെന്ന് കേന്ദ്രം; ഹിന്ദു, മുസ്ലീം, പാഴ്‌സി സ്ത്രീകളുടെ കാര്യം ഒരു പോലെ തീരുമാനിക്കാനാവില്ലെന്ന് ഇന്ദിരാ ജെയ്‌സിംഗ്

January 13, 2020
Google News 1 minute Read
india name court

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വാദം ആരംഭിച്ചു. കോടതിയുടെ തീരുമാനത്തിന്മേൽ ആമുഖമായിട്ടുള്ള വാദങ്ങളാണ് നിലവിൽ നടക്കുന്നത്. ഇപ്പോൾ ഏഴ് ചോദ്യങ്ങൾ മാത്രമാണ് കോടതി പരിഗണിക്കുന്നത്.

ഇന്ദിര ജെയ്‌സിംഗാണ് വാദം തുടങ്ങിയത്. ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച വിധി നിലനിൽക്കുന്നതല്ല എന്ന് ഒരു ബഞ്ചും വിധിച്ചിട്ടില്ല. അതുകൊണ്ട് പുനഃപരിശോധനാ ഹർജികൾ ആദ്യം പരിഗണിക്കണമെന്നായിരുന്നു ഇന്ദിരാ ജെയ്‌സിംഗിന്റെ വാദം. ഇപ്പോൾ ഉന്നയിക്കപ്പെട്ടിരുന്ന ഏഴ് ചോദ്യങ്ങൾ കേവലം അക്കാദമിക്ക് ക്വാളിറ്റി മാത്രം ഉള്ളതാണെന്നും അതുകൊണ്ട് അതല്ല നിലവിൽ നിശ്ചയിക്കപ്പെടേണ്ടതെന്ന് ഇന്ദിര വാദിക്കുന്നു.

ദാവൂദി ബോറകളുടെ ചേലാകർമം കൂടി ഇതിൽ ഉൾപ്പെടുത്തണമെന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ശബരിമല വിഷയം മാത്രമായി ഈ കേസിനെ ഒതുക്കാൻ കേന്ദ്രം താത്പര്യപ്പെടുന്നില്ലെന്നാണ് തുഷാർ മേത്തയുടെ വാദത്തിൽ നിന്ന് മനസ്സിലാകുന്നത്.

അതേസമയം, ഹിന്ദു, മുസ്ലീം, പാഴ്‌സി സ്ത്രീകളുടെ കാര്യം ഒരു പോലെ തീരുമാനിക്കാനാവില്ലെന്ന് ഇന്ദിരാ ജെയ്‌സിംഗ് കോടതിയിൽ പറഞ്ഞു.

രാജീവ് ധവാൻ കേസിൽ കക്ഷി ചേർക്കണമെന്ന വാദം ഉന്നയിച്ചു. കോടതി ഇത് അംഗീകരിക്കുകയും ചെയ്തു. ശബരിമല കേസിലെ നിലവിലെ വിധി റദ്ദാക്കണമെന്നാണ് രാജീവ് ധവാന്റെ വാദം.

1. ഭരണഘടനയിലെ മതസ്വാതന്ത്ര്യം സംബന്ധിച്ച വകുപ്പുകളും തുല്യത സംബന്ധിച്ച വകുപ്പുകളും തമ്മിലുള്ള ബന്ധം.

2. മതസ്വാതന്ത്ര്യം സംബന്ധിച്ച 25 (1)വകുപ്പിലെ ‘പൊതുക്രമം, ധാര്‍മികത, ആരോഗ്യം’ എന്നിവ വിവക്ഷിക്കുന്നത് എന്താണ്?

3. ‘ധാര്‍മികത’, ‘ഭരണഘടനാ ധാര്‍മികത’ എന്നീ പ്രയോഗങ്ങള്‍ ഭരണഘടനയില്‍ നിര്‍വചിച്ചിട്ടില്ല. ഇത് മൊത്തത്തിലുള്ള ധാര്‍മികതയാണോ, അതല്ല മതവിശ്വാസവുമായി ബന്ധപ്പെട്ടത് മാത്രമാണോ?

4. ആചാരങ്ങള്‍ മതത്തിന്റെ/വിഭാഗത്തിന്റെ ഒഴിച്ചുകൂടാനാകാത്ത രീതിയാണോ എന്നത് കോടതിക്ക് എത്രമാത്രം പരിശോധിക്കാം? അത് മതമേധാവിയുടെ തീരുമാനത്തിനു വിട്ടുകൊടുക്കേണ്ടതാണോ?

5. മതസ്വാതന്ത്ര്യം സംബന്ധിച്ച വകുപ്പിലെ 25 (2) (ബി)യില്‍ പറയുന്ന ‘ഹൈന്ദവ വിഭാഗങ്ങള്‍’ എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം എന്താണ്?

6. ഒരു മതത്തിന്റെ/ഒരു വിഭാഗത്തിന്റെ ‘ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങള്‍ക്ക്’ ഭരണഘടനയിലെ മതസ്വാതന്ത്ര്യം സംബന്ധിച്ച 26-ാം വകുപ്പിന്റെ സംരക്ഷണമുണ്ടോ?

7. മതപരമായ ആചാരങ്ങളെ ആ മതത്തിലോ വിഭാഗത്തിലോ പെടാത്ത വ്യക്തി പൊതുതാല്‍പര്യ ഹര്‍ജിയിലൂടെ ചോദ്യം ചെയ്യുന്നത് എത്രത്തോളം അനുവദിക്കണം?

ഇങ്ങനെ ഏഴ് വിഷയങ്ങളാണ് വിശാല ബെഞ്ച് പരിഗണിക്കുന്നത്. 1965ലെ കേരള പൊതു ആരാധനാസ്ഥല (പ്രവേശനാനുമതി) ചട്ടങ്ങള്‍ ശബരിമല ക്ഷേത്രത്തിനു ബാധകമാണോ എന്നതും വിശാല ബെഞ്ചിന്റെ വിഷയമാകും. അഞ്ചംഗ ബെഞ്ച് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടതിന് പുറമേയുള്ള കാര്യങ്ങളും വേണമെങ്കിൽ പരിഗണനാ വിഷയത്തില്‍ ഉള്‍പ്പെടുത്താന്‍ ഒന്‍പതംഗ ബെഞ്ചിന് അധികാരമുണ്ട്.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍, എല്‍ നാഗേശ്വര്‍ റാവു, മോഹന ശാന്തന ഗൗഡര്‍, അബ്ദുല്‍ നസീര്‍, സുബാഷ് റെഡ്ഡി, ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരാണ് ഒന്‍പതംഗ ബെഞ്ചിലെ അംഗങ്ങള്‍.

Story Highlights- Sabarimala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here