Advertisement

പൊടി ശല്യം; മരടിൽ മെഡിക്കൽ ക്യാമ്പുകൾ ആരംഭിച്ചു

January 14, 2020
Google News 1 minute Read

മരടിൽ പൊടിശല്യത്തെ തുടർന്ന് മെഡിക്കൽ ക്യാമ്പുകൾ ആരംഭിച്ചു. പൊടിശല്യം രൂക്ഷമായതോടെ ശാരീരിക അസ്വസ്ഥതകൾ വർദ്ധിച്ചതായി പ്രദേശവാസികൾ. അതിനിടെ നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഫ്‌ളാറ്റുകളുടെ അവശിഷ്ടങ്ങൾക്കുമേൽ വെള്ളം നനച്ചു തുടങ്ങി.

ഫ്ലാറ്റുകൾ തകർത്തതോടെ മരടിൽ പൊടിശല്യം രൂക്ഷമായിരുന്നു. പരിസരവാസികളിൽ പലർക്കും ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടു തുടങ്ങി. ഇതിനെ തുടർന്നാണ് മരട് നഗരസഭ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. വീട്ടിലുള്ള എല്ലാവർക്കും പൊടിശല്യത്തെ തുടർന്ന് അസുഖങ്ങളാണെന്ന് ക്യാമ്പിലെത്തിയവർ പറയുന്നു.

അതിനിടെ നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊടിശല്യം കുറക്കാൻ വലിയ മോട്ടോർ ഉപയോഗിച്ച് കെട്ടിടാവശിഷ്ടങ്ങളിൽ വെള്ളം പമ്പ് ചെയ്യുകയാണ്. സമീപത്തെ കായലിൽ നിന്നും വെള്ളം പമ്പു ചെയ്തു കോൺക്രീറ്റുകൾ കുതിർത്തിയ ശേഷം ജെ സി ബിയും മറ്റുപകരണങ്ങളും കൊണ്ടു തകർത്താണ് കമ്പിയും സിമെന്റ് പാളികളും വേർതിരിക്കുന്നത്.

പൊടി ശല്യം തീർത്തും ഒഴിവാക്കി നാട്ടുകാരുടെ ആശങ്ക പരിഹരിച്ച ശേഷമേ അവശിഷ്ടങ്ങൾ യാർഡിലേക്ക് മാറ്റൂ എന്ന് കരാർ കമ്പനി അധികൃതർ പറഞ്ഞു.

നേരത്തെ, പൊടി ശല്യം രൂക്ഷമായതിനെത്തുടർന്ന് മരട് നഗരസഭാധ്യക്ഷയെ നാട്ടുകാർ തടഞ്ഞിരുന്നു. പൊടിശല്യം രൂക്ഷമായ സാഹചര്യത്തിൽ മതിയായ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് നഗരസഭാധ്യക്ഷയെ തടഞ്ഞത്. വൈസ് ചെയർമാനേയും നാട്ടുകാർ തടഞ്ഞു.

Story Highlights: Maradu Flat Demolition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here