മുത്തൂറ്റിലെ തൊഴിൽ തർക്കം പരിഹരിക്കാൻ ചേർന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു

മുത്തൂറ്റിലെ തൊഴിൽ തർക്കം പരിഹരിക്കാൻ ചേർന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഹൈക്കോടതി നിർദേശിച്ച മധ്യസ്ഥന്റെ സാന്നിധ്യത്തിലായിരുന്നു ചർച്ച നടത്തിയത്. പിരിച്ച് വിട്ട തൊഴിലാളികളെ തിരിച്ചെടുക്കുന്നത് വരെ സമരം തുടരാനാണ് സിഐടിയുവിന്റെ തീരുമാനം.

ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും മുത്തൂറ്റ് മാനേജ്‌മെന്റും തൊഴിലാളികളും തമ്മിൽ ഏറ്റുമുട്ടുന്നത്. രണ്ട് മാസത്തിലേറെ വിവിധ ആവശ്യങ്ങളുന്നയിച്ച് തൊഴിലാളികൾ നടത്തിയ സമരം ഹൈക്കോടതിയും സർക്കാരും ഇടപെട്ട് ഒത്ത്തീർപ്പാക്കിയിരുന്നു. സമരത്തിൽ പങ്കെടുത്ത തൊഴിലാളികൾക്കെതിരെ യാതൊരു ശിക്ഷാ നടപടിയും സ്വീകരിക്കരുതെന്നായിരുന്നു യൂണിയനും മാനേജ്‌മെന്റും ചേർന്ന് ഒപ്പിട്ട കരാറിലെ പ്രധാന വ്യവസ്ഥ.

എന്നാൽ, ഈ കരാർ ലംഘിച്ച് കൊണ്ടാണ് 43 ശാഖകൾ അടച്ച്പൂട്ടി 167 തൊഴിലാളികളെ പിരിച്ചുവിട്ടതെന്നാരോപിച്ചാണ് തൊഴിലാളികൾ വീണ്ടും സമരം തുടങ്ങിയത്. ഈ തർക്കത്തിലാണ് ഹൈക്കോടതി ഇടപെട്ട് മധ്യസ്ഥന്റെ സാന്നിധ്യത്തിൽ ചർച്ച നടത്താൻ നിർദേശിച്ചത്. എന്നാൽ, മുത്തൂറ്റ് പ്രതിനിധികളുടേയും തൊഴിലാളി യൂണിയന്റെയും നേതൃത്വത്തിൽ നടന്ന ചർച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു. ഈ സാഹചര്യത്തിൽ സമരം തുടരാനാണ് തൊഴിലാളി യൂണിയന്റെ തീരുമാനം.

സിഐടിയു മുന്നോട്ട് വെക്കുന്ന എല്ലാ ആവശ്യങ്ങളും അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു മാനേജ്‌മെന്റിന്റെ നിലപാട്. പിരിച്ച് വിട്ട തൊഴിലാളികളെ തിരിച്ചെടുക്കില്ലെന്നും മാനേജ്‌മെന്റ് പ്രതിനിധി ബാബു ജോൺ മലയിൽ വ്യക്തമാക്കി. സമരം തുടർന്നാൽ കൂടുതൽ ബ്രാഞ്ചുകൾ അടച്ച് പൂട്ടാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം. തർക്കം പരിഹരിക്കുന്നതിനായി ഈ മാസം 20ന് വീണ്ടും ചർച്ച വിളിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More