കളിയിക്കാവിളയിലെ എഎസ്‌ഐയുടെ കൊലപാതകം; ആയുധമെത്തിയത് കൊല്‍ക്കത്തയില്‍ നിന്നെന്ന് സൂചന

കളിയിക്കാവിളയില്‍ എഎസ്‌ഐയെ കൊലപ്പെടുത്താന്‍ പ്രതികള്‍ ഉപയോഗിച്ച ആയുധമെത്തിയത് കൊല്‍ക്കത്തയില്‍ നിന്നെന്ന് സൂചന. ബംഗളൂരുവില്‍ നിന്ന് അറസ്റ്റിലായ ഇജാസില്‍ നിന്നാണ് ആയുധ കൈമാറ്റം സംബന്ധിച്ചുള്ള നിര്‍ണായക മൊഴി ലഭിച്ചത്. പ്രതികളുടെ സംഘത്തിന് ഐഎസ് ബന്ധമുള്ളതായും കര്‍ണാടക പൊലീസ് സംശയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കര്‍ണാടക സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണം ആരംഭിച്ചു.
കര്‍ണാടകയിലെ അറസ്റ്റിലായ അബ്ദുള്‍ സമീമും ഇജാസ് പാഷയും ആയുധക്കടത്തുമായി ബന്ധപ്പെട്ട് ബംഗളൂരു പൊലീസ് കഴിഞ്ഞ ആഴ്ച രജിസ്ട്രര്‍ ചെയ്ത കേസില്‍ പ്രതികളാണ്. ഈ കേസിന്റെ എഫ്‌ഐആറിലാണ് ഈ സംഘത്തിന് ഭീകര സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കളിയിക്കാവിള കൊലപാതകക്കേസിലെ മൂന്നാം പ്രതിയെന്ന് കരുതുന്ന സെയ്ത് അലി ഉള്‍പ്പെടെ ആറ് തമിഴ്‌നാട് സ്വദേശികളും പതിനൊന്ന് കര്‍ണാടക സ്വദേശികളുമാണ് സംഘത്തിലുള്ളത്.
എഎസ്‌ഐയുടെ കൊലപാതകത്തിനായി തൗഫീക്കിന് ആയുധങ്ങള്‍ നല്‍കിയത് ഇജാസ് പാഷയാണെന്ന് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ആയുധങ്ങള്‍ കൊല്‍ക്കത്തയില്‍ നിന്നെത്തിയതെന്നാണ് ബംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക വിലയിരുത്തല്‍. കൂടുതല്‍ ആയുധങ്ങള്‍ എത്തിയതായും സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സ്ഥിരീകരിക്കുന്നുണ്ട്. ഇജാസ് പാഷ ഇടനിലക്കാരനായി ഏതൊക്കെ സംസ്ഥാനങ്ങളിലേക്ക് ആയുധങ്ങള്‍ കൈമാറിയെന്നും അന്വേഷിച്ച് വരികയാണ്. അതേസമയം, ആയുധക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്‍ഐഎ ശേഖരിച്ചതായാണ് സൂചന.
Story Highlights- Kaliyikkavila murder case: It is learned that the weapon was from Kolkata
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here