രണ്ടാം ഏകദിനത്തില്‍ നിന്ന് പന്ത് പുറത്ത്; രാജ്‌കോട്ടില്‍ ഇന്ത്യക്കായി ആര് കീപ്പിംഗ് ഗ്ലൗ അണിയും ?

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ നിന്ന് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ ടീമില്‍നിന്ന് ഒഴിവാക്കി. രണ്ടാം ഏകദിനത്തിനായി ഇരുടീമുകളും രാജ്‌കോട്ടിലെത്തിയെങ്കിലും പന്ത് ഇന്ത്യന്‍ ടീമിനൊപ്പമില്ല. വിശദപരിശോധനകള്‍ക്കും കണ്‍കഷന്‍ പ്രോട്ടോക്കോള്‍ പ്രകാരം കായികക്ഷമത തെളിയിക്കുന്നതിനുമായി പന്ത് ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കായികക്ഷമത തെളിയിച്ച ശേഷമേ പന്തിനെ വീണ്ടും ടീമിലേക്ക് പരിഗണിക്കൂ.
ഐസിസിയുടെ കണ്‍കഷന്‍ പ്രോട്ടോക്കോള്‍ പ്രകാരം ടീമിന് പുറത്താകുന്ന ആദ്യ ഇന്ത്യന്‍ താരമാണ് പന്ത്. ‘രണ്ടാം ഏകദിനത്തില്‍നിന്ന് പന്തിനെ ഒഴിവാക്കുകയാണ്. ഐസിസിയുടെ സ്റ്റാന്‍ഡേര്‍ഡ് കണ്‍കഷന്‍ പ്രോട്ടോക്കോള്‍ പ്രകാരം പന്ത് കായികക്ഷമത തെളിയിക്കുന്നതിന് അനുസരിച്ചായിരിക്കും താരത്തെ മൂന്നാം ഏകദിനത്തിനുള്ള ടീമിലേക്ക് പരിഗണിക്കുക’ ബിസിസിഐ പ്രസ്താവനയില്‍ അറിയിച്ചു.
ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിന മത്സരത്തിലാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന് പരുക്കേറ്റത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആണെങ്കില്‍ പോലും രാജ്യാന്തര മത്സരങ്ങളില്‍ ഏറെക്കാലമായി വിക്കറ്റ് സംരക്ഷിക്കാത്ത ലോകേഷ് രാഹുലിനെ ബാക്കപ്പ് കീപ്പറാക്കുന്നതിനെതിരെ അതൃപ്തി നിലവിലുണ്ട്. മികച്ച നിരവധി വിക്കറ്റ് കീപ്പര്‍മാര്‍ അവസരം കാത്ത് പുറത്തിരിക്കുമ്പോള്‍ ഋഷഭ് പന്തിനപ്പുറം ചിന്തിക്കാത്ത സെലക്ടര്‍മാരുടെ വാശി എന്തിനാണെന്നും ആരാധകര്‍ ചോദിക്കുന്നു.
പരുക്കില്‍ നിന്ന് പന്ത് ഇതുവരെ പൂര്‍ണമായും മോചിതനായിട്ടില്ലെന്നാണ് വിവരം. സമ്പൂര്‍ണ നിരീക്ഷണത്തിന് ശേഷം പന്ത് പിന്നീട് ടീമിനൊപ്പം ചേരുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചത്. കമിന്‍സ് എറിഞ്ഞ 44-ാം ഓവറിലെ രണ്ടാം പന്താണ് ഋഷഭിന്റെ ഹെല്‍മറ്റിലിടിച്ചത്. മത്സരത്തിലാകെ 33 പന്തുകള്‍ നേരിട്ട പന്ത് രണ്ടു ഫോറും ഒരു സിക്‌സും സഹിതം 28 റണ്‍സെടുത്താണ് പുറത്തായത്.
ലോകേഷ് രാഹുലിന്റെ പേര് ആദ്യം പരിഗണിക്കാനാണ് സാധ്യത. പന്തിനു പകരം രാഹുല്‍ വന്നാല്‍ കോലിക്ക് മൂന്നാം നമ്പറിലേക്കും ശ്രേയസ് അയ്യര്‍ക്ക് നാലാം നമ്പറിലേക്കും മാറാമെന്ന പ്രത്യേകതയുമുണ്ട്. ഇതോടെ രാഹുല്‍ അഞ്ചാം നമ്പറില്‍ കളിക്കേണ്ടിവരും. ഇതോടെ കേദാര്‍ ജാദവിനെയോ ശിവം ദുബെയേയോ ടീമില്‍ ഉള്‍പ്പെടുത്താനും അവസരം ലഭിക്കും. വിക്കറ്റ് കീപ്പറെ ടീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ബിസിസിഐ വ്യക്തമായിട്ടില്ലെങ്കിലും പന്തിനു പകരം മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെ ടീമിനു പുറത്തുള്ള താരങ്ങളില്‍ ആര്‍ക്കെങ്കിലും അവസരം ലഭിക്കുമോ എന്ന ആകാംക്ഷയുമുണ്ട്. പന്തിന് പകരം ട്വന്റി ട്വന്റി ടീമില്‍ ഉള്‍പ്പെടുത്തിയിരുന്ന സഞ്ജു സാംസണ്‍ ഇപ്പോള്‍ ഇന്ത്യന്‍ എ ടീമിനൊപ്പം ന്യൂസിലന്‍ഡിലാണ്.
Story Highlights-Rishabh Pant, dismissed, squad for the second ODI,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here