കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ തീരദേശ സംരക്ഷണ നിയമം ലംഘിച്ച് 1657 കെട്ടിടങ്ങള്‍

മരട് ഫ്ളാറ്റുമായി ബന്ധപ്പെട്ട കോടതി വിധിക്ക് ശേഷം രൂപീകരിച്ച കോസ്റ്റല്‍ ഡിസ്ട്രിക് കമ്മറ്റി നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടത്തിയത്. കടകള്‍, വീടുകള്‍, ഫ്ളാറ്റുകള്‍ തുടങ്ങി തീരദേശ നിയമ ലംഘനം നടത്തിയ 1657 കെട്ടിടങ്ങളാണ് കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ ഉള്ളത്. നിയമം ലംഘിച്ച നിര്‍മിതികളില്‍ ഏറെയും വീടുകളാണ്. കൂടുതലും കടല്‍ തീരങ്ങളില്‍ തന്നെയാണ് അനധികൃത നിര്‍മിതികളുള്ളത്.

കോര്‍പറേഷനില്‍ നിന്നും കോസ്റ്റല്‍ ഡിസ്ട്രിക്ട് കമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. 1996 ന് ശേഷം നടന്ന നിര്‍മാണങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്. 2011 ല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലെ ദൂരപരിധി അനുസരിച്ചുള്ള ചട്ടലംഘനങ്ങളാണ് കൂടുതലും.

ദൂര പരിധിയെ കുറിച്ചുള്ള വിജ്ഞാപനം കഴിഞ്ഞ വര്‍ഷം ഭേദഗതി ചെയ്തിരുന്നെങ്കിലും കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് പ്ലാന്‍ തയാറായിട്ടില്ല. പ്ലാന്‍ തയാറാക്കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരം ലഭിക്കുന്നതോടെ ഇപ്പോള്‍ നിയമ ലംഘനം നടന്നതായി കണ്ടെത്തിയ കെട്ടിടങ്ങളില്‍ ഭൂരിഭാഗവും നിയമപരിധിയിലാവുമെന്നാണ് കണക്കു കൂട്ടല്‍. അതേസമയം നിയമലംഘത്തെ കുറിച്ച് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ച ശേഷമായിരിക്കും തുടര്‍ നടപടികളിലേക്ക് കടക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top