പരിചരണവും വാഹനസൗകര്യവും ലഭിച്ചില്ല; ഗോത്രയുവതി ആശുപത്രിയിലേക്കുളള വഴിമധ്യേ ഓട്ടോറിക്ഷയിൽ പ്രസവിച്ചു

വേണ്ട പരിചരണവും വാഹനസൗകര്യവും ലഭിച്ചില്ല. ഗോത്രയുവതി ആശുപത്രിയിലേക്കുളള വഴിമധ്യേ ഓട്ടോറിക്ഷയിൽ പ്രസവിച്ചു. വയനാട് നൂൽപ്പുഴയിലാണ് സംഭവം. യുവതിയെ ആശുപത്രിയിലെത്തിക്കാനെത്തിയ ഓട്ടോ ഡ്രൈവറാണ് രക്ഷകനായത്.
വയനാട് നൂൽപ്പുഴ പഞ്ചായത്തിലെ പിലാക്കാവിലാണ് സംഭവം. പ്രദേശത്തെ കാട്ടുനായിക്ക കോളനിയിലെ പ്രശാന്തിന്റെ ഭാര്യയാണ് കൃത്യസമയത്ത് പരിചരണവും വാഹനസൗകര്യവും ലഭിക്കാത്തതിനെ തുടർന്ന് വഴിമധ്യേ ഓട്ടോറിക്ഷയിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. കഴിഞ്ഞദിവസം അർദ്ധ രാത്രിയോടെ യുവതിക്ക് പ്രസവവേദന തുടങ്ങി.
യുവതിയെ വാഹന സൗകര്യമില്ലാത്തതിനാൽ ആശുപത്രിയിലെത്തിക്കാനാകാതെ കോളനിയിലുളളവർ ധർമ്മസങ്കടത്തിലായി. കൂടാതെ ആനയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യവും. ഒരു കിലോമീറ്റർ അകലെ നിന്ന് യുവതിയുടെ അച്ഛൻ ഓട്ടോറിക്ഷ പിടിച്ചാണ് ആശുപത്രിയിലേക്ക് യാത്ര തിരിച്ചത്. യാത്രക്കിടെ ഏറെ അവശയായ യുവതി വഴിയിൽവെച്ച് തന്നെ പ്രസവിക്കുകയായിരുന്നു. ഈ സമയം ഓട്ടോ ഡ്രൈവറും മറ്റൊരു വീട്ടമ്മയും മാത്രമാണ് യുവതിക്കൊപ്പമുണ്ടായിരുന്നത്. മനസാന്നിധ്യം കൈവിടാതെയുളള ഡ്രൈവറുടെ ഇടപെടലാണ് യുവതിക്ക് തുണയായത്.
പിന്നീട് ഇതേ ഓട്ടോയിൽ അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലെത്തിച്ചു. അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്. ഗോത്ര മേഖലയിൽ ഗർഭിണികൾക്ക് കൃത്യമായ പരിചരണം ഇല്ലാത്തതും കോളനിയിലേക്ക് വഴി സൗകര്യമില്ലാത്തതുമാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ തുടർക്കഥയാകാൻ കാരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here