വാർഷിക കരാറും ധോണിയുടെ ഭാവിയുമായി ബന്ധമില്ല; ബിസിസിഐ

വാർഷിക കരാറിൽ നിന്നുള്ള പുറത്താക്കലും ധോണിയുടെ ഭാവിയുമായി ബന്ധമില്ലെന്ന് ബിസിസിഐ. ആറു മാസമായി ധോണി ക്രിക്കറ്റ് കളിച്ചിട്ടില്ലെന്നും അതിനാലാണ് താരത്തെ കരാറിൽ നിന്നു പുറത്താക്കിയതെന്നും ബിസിസിഐ അറിയിച്ചു. ധോണി വർഷിക കരാറിൽ നിന്നു പുറത്തായതിനെത്തുടർന്ന് താരത്തിൻ്റെ ഭാവിയെപ്പറ്റി പല കോണുകളിൽ നിന്നും ചർച്ചകൾ ഉയർന്നിരുന്നു. ആ സാഹചര്യത്തിലാണ് ബിസിസിഐ ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ ജൂലായിലാണ് ധോണി അവസാനമായി ഒരു മത്സരം കളിച്ചത്. ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡിനെതിരെ നടന്ന മത്സരത്തിനു ശേഷം ഒരു തവണ പോലും ധോണി കളിച്ചിരുന്നില്ല. അതുകൊണ്ടാണ് അദ്ദേഹത്തെ കരാറിൽ നിന്നു പുറത്താക്കിയതെന്ന് ബിസിസിഐ വ്യക്തമാക്കി.
ഇതുവരെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലാത്ത ധോണി ഇനിയും ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാമെന്നും ബിസിസിഐ അറിയിച്ചിട്ടുണ്ട്. വിരമിക്കൽ കാര്യത്തിൽ ധോണി ഗാംഗുലിയുമായി സംസാരിച്ചു എന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ വെളിപ്പെടുത്തൽ.
അതേ സമയം, ധോണി ഏകദിനങ്ങളിൽ നിന്ന് ഉടൻ വിരമിക്കുമെന്ന് പരിശീലകൻ രവി ശാസ്ത്രി വെളിപ്പെടുത്തിയിരുന്നു. ഏകദിനങ്ങളിൽ നിന്ന് വിരമിച്ച് ടി-20കളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ധോണി തയ്യാറെടുക്കുകയാണെന്ന് ശാസ്ത്രി പറഞ്ഞു. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയാൽ വരുന്ന ടി-20 ലോകകപ്പ് ടീമിൽ ധോണി ഉണ്ടാവുമെന്നും ശാസ്ത്രി പറഞ്ഞിരുന്നു.
അതേ സമയം, ഐപിഎൽ പ്രകടനം മുന്നിൽ കണ്ട് ധോണി ജാർഖണ്ഡ് രഞ്ജി ടീമിനൊപ്പം പരിശീലനം തുടങ്ങിയിരുന്നു. സ്വന്തം ബൗളിംഗ് മെഷീനുമായാണ് ധോണി പരിശീലനത്തിനെത്തിയത്. ജാർഖണ്ഡ് ടീം അംഗങ്ങൾ റെഡ് ബോളിൽ പരിശീലനം നടത്തിയപ്പോൾ ധോണി വൈറ്റ് ബോളിലാണ് ശ്രദ്ധ ചെലുത്തിയത്. ഐപിഎൽ പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ ധോണിയെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കും എന്ന ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിയുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കാനാവും ധോണിയുടെ ശ്രമം.
Story Highlights: MS Dhoni, BCCI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here