ഫഹദ്- മഹേഷ് നാരായണൻ ചിത്രം മാലിക്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഫഹദ് ഫാസിലിന്റെ ബിഗ് ബജറ്റ് ചിത്രം മാലിക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മലയാളത്തിലെ പ്രമുഖ താരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പോസ്റ്റർ ആദ്യമായി പുറംലോകത്തെത്തിയത്.
നിരവധി പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയാകുക നിമിഷ സജയനാണ്. ഫഹദിന്റെ കരിയറിൽ ഏറ്റവും മുതൽമുടക്കുള്ള സിനിമ കൂടിയാണിത്. 27 കോടിയോളം മുതൽമുടക്കുള്ള ചിത്രത്തിന് വേണ്ടി ഫഹദ് 20 കിലോയോളം ഭാരം കുറച്ചത് വാർത്തയായിരുന്നു. പൊളിറ്റിക്കൽ ത്രില്ലറാണ് സിനിമ.
ചിത്രം നിർമിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ്. ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, ചന്ദുനാഥ് എന്നിവരും സിനിമയിൽ അഭിനയിക്കുന്നു. ഡിഒപി സാനു ജോൺ വർഗീസാണ്. സംഗീതം- സുഷിൻ ശ്യാം. ബാഹുബലിയുടെ സ്റ്റണ്ട് ഡയറക്ടർ ആയ ലീ വിറ്റേക്കറാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here