പന്ത്രണ്ടാമത് രാജ്യാന്തര നാടകോത്സവം നാളെ തൃശൂരിൽ ആരംഭിക്കും

പന്ത്രണ്ടാമത് രാജ്യാന്തര നാടകോത്സവത്തിന് നാളെ തൃശൂരിൽ തിരശീല ഉയരും. കേരള സംഗീത- നാടക അക്കാദമിയിൽ നടക്കുന്ന ചടങ്ങ് സാംസ്‌ക്കാരിക മന്ത്രി എകെ ബാലൻ ഉദ്ഘാടനം ചെയ്യും. പത്തൊൻപത് നാടകങ്ങളാണ് അരങ്ങിലെത്തുക.
അന്താരാഷ്ട്ര വിഭാഗത്തിൽ ഓസ്ട്രേലിയ, യുകെ, ഇറാൻ, ബ്രസീൽ, നോർവേ, പോളണ്ട് എന്നീ രാജ്യങ്ങളിൽ നിന്നായി ഏഴ് നാടകങ്ങളാണുള്ളത്. ദേശീയ വിഭാഗത്തിൽ ബംഗളൂരു, ഹൈദരാബാദ്, ഭോപ്പാൽ, ഗോവ, ജയ്പ്പൂർ, പൂനെ എന്നിവിടങ്ങളിൽ നിന്നായി ആറ് നാടകങ്ങളുണ്ട്. ആറ് മലയാള നാടകങ്ങളും മേളയുടെ ഭാഗമാകും. ‘ഇമാജിനിംഗ് കമ്മ്യൂണിറ്റീസ്’ എന്നതാണ് ഇത്തവണത്തെ ഇറ്റ്‌ഫോക്കിന്റെ പ്രമേയം.
ബ്രസീലിലെ കംപാനിയ മുൻഗുസ തിയേറ്റർ അവതരിപ്പിക്കുന്ന ‘സിൽവർ എപിഡെമിക്’ ആണ് ഉദ്ഘാടന നാടകം. ആക്റ്റർ മുരളി ഓപ്പൺ എയർ തിയറ്ററിൽ വൈകിട്ട് ഏഴിനാണ് അവതരണം. നാടകങ്ങൾ കാണുന്നതിനുള്ള ടിക്കറ്റുകൾ ഓൺലൈനായി theatrefestivalkerala.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാകും. കൂടാതെ ഓരോ നാടകം ആരംഭിക്കുന്നതിനും അര മണിക്കൂർ മുൻപ് ബോക്‌സ് ഓഫീസിലൂടെയും ടിക്കറ്റുകൾ ലഭിക്കും. സെമിനാറുകൾ, പെർഫോമൻസ് പോയട്രി, നാടകവുമായി ബന്ധപ്പെട്ട സിനിമകളുടെ പ്രദർശനം എന്നിവയും മേളയുടെ ആകർഷണങ്ങളാണ്. ജനുവരി 20 മുതൽ 29 വരെ പത്ത് ദിവസങ്ങളിലായാണ് രാജ്യാന്തര നാടകോത്സവം.