കോഴിക്കോട് ഓട്ടോറിക്ഷാ തൊഴിലാളികളുടെ 24 മണിക്കൂർ പണിമുടക്ക്

കോഴിക്കോട്ട് ഓട്ടോറിക്ഷാ തൊഴിലാളികളുടെ 24 മണിക്കൂർ പണിമുടക്ക് പുരോഗമിക്കുന്നു. ഇലക്ട്രിക് ഓട്ടോകൾക്ക് പെർമിറ്റില്ലാതെ സർവീസ് നടത്താൻ അനുമതി നൽകുന്നതിൽ പ്രതിഷേധിച്ചാണ് സമരം. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇലക്ട്രിക് ഓട്ടോകൾക്കെതിരെ ഓട്ടോ തൊഴിലാളികൾ പണി മുടക്കുന്നത്.

സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം. നഗരത്തിനകത്ത് നിലവിൽ ഉള്ള തൊഴിലാളികളുടെ ജോലി സ്ഥിരത ഉറപ്പാക്കണമെന്നും ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് വേണ്ടെന്ന തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നുമാണ് ഇവർ ഉന്നയിക്കുന്ന പ്രധാന ആവശ്യം. മറ്റ് ഓട്ടോറിക്ഷകളുടെ പെർമിറ്റ് പൂർത്തിയാകുന്ന മുറയ്ക്ക് ഇലക്ട്രിക് ഓട്ടോകളിലേക്ക് മാറാൻ സാവകാശം അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

കഴിഞ്ഞ മാസം ഇതേവിഷയം ഉന്നയിച്ച് കോഴിക്കോട്ടെ ഓട്ടോ തൊഴിലാളികൾ മിന്നൽ പണിമുടക്ക് നടത്തിയിരുന്നു. ഇലക്ട്രിക് ഓട്ടോകളിലെ യാത്രക്കാരെ ഇറക്കിവിടുന്നതടക്കമുളള പ്രതിഷേധങ്ങളും നടന്നിരുന്നു. കളക്ടർ പ്രശ്‌നപരിഹാരത്തിനായി ചർച്ച വിളിച്ചിരുന്നെങ്കിലും പരാജയമായിരുന്നു ഫലം. ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം അനിശ്ചിതകാല സമരം തുടങ്ങാനാണ് തൊഴിലാളി യൂണിയനുകളുടെ തീരുമാനം.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More