നേപ്പാളിൽ ദമ്പതികളും കുട്ടികളും മരിച്ച സംഭവം; അഗാധമായ ദുഃഖം അറിയിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ വിഷവാതകം ശ്വസിച്ച് ദമ്പതികളും കുട്ടികളും മരിച്ച ദാരുണ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മൃതദേഹം നാട്ടിലെത്തിക്കേണ്ട ചുമതല നോർക്കയ്ക്ക് നൽകിയിട്ടുണ്ട്. നോർക്കാ അധികൃതർ നേപ്പാളിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുന്നുണ്ടെന്നും പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം നാളെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Also: നേപ്പാളിൽ മരണപ്പെട്ടത് മലയാളികളായ രണ്ട് ദമ്പതികളും നാല് കുട്ടികളും; വിഷവാതകം ശ്വസിച്ച് മരണം
തിരുവനന്തപുരം ചെമ്പഴന്തി, കോഴിക്കോട് കുന്ദമംഗലം സ്വദേശികളാണ് നേപ്പാളിൽ മരിച്ചത്. ദമാനിലെ എവറസ്റ്റ് പനോരമ റിസോർട്ടിലാണ് മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടൽ മുറിയിൽ തണുപ്പകറ്റാൻ ഗ്യാസ് ഹീറ്റർ ഉപയോഗിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഹീറ്ററിൽ നിന്ന് പുറത്ത് വന്ന കാർബൺ മോണോക്‌സൈഡാണ് കാരണമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിച്ചു. ഹെലിക്കോപ്റ്ററിൽ ആശുപത്രിയിലെത്തിച്ച ശേഷം മരണ വിവരം സ്ഥിരീകരിച്ചു. കാഠ്മണ്ഡുവിലെ എച്ച്എഎംഎസ് ആശുപത്രിയിൽ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുകയാണ്.
തിരുവന്തപുരം ചെങ്കോട്ടുകോണം അയ്യൻകോയിക്കൽ സ്വദേശിയായ പ്രവീൺ കുമാർ നായർ (39),ഭാര്യ ശരണ്യ (34), മക്കളായ ശ്രീഭദ്ര (9), അഭിനവ് സൂര്യ (9) എന്നിവരും കോഴിക്കോട് കുന്ദമംഗലത്ത് താമസിക്കുന്ന രഞ്ജിത് കുമാർ ടിബി (39), ഭാര്യ ഇന്ദു രഞ്ജിത് (34), മക്കളായ അഭി നായർ (7), വൈഷ്ണവ് രഞ്ജിത് (2) എന്നിവരുമാണ് മരിച്ചത്. പ്രവീണിന്റെ മൂന്ന് മക്കളിലൊരാൾ മറ്റൊരു മുറിയിലായതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. പ്രവീണും രഞ്ജിതും എഞ്ചിനീയർമാരാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here