Advertisement

കുടിശിക ലഭിച്ചില്ല; സ്‌കൂള്‍ പാഠപുസ്തകങ്ങളുടെ അച്ചടി കെബിപിഎസ് നിര്‍ത്തിവച്ചു

January 21, 2020
Google News 1 minute Read

-/ വി.എ.ഗിരീഷ്

കോടികളുടെ കുടിശിക ലഭിക്കാത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ പാഠപുസ്തകങ്ങളുടെ അച്ചടി എറണാകുളം കാക്കനാട്ടുള്ള കെബിപിഎസ് നിര്‍ത്തിവച്ചു. ഫണ്ടില്ലാത്തതിനാല്‍ ലോട്ടറി അച്ചടിയും പ്രതിസന്ധിയിലാണെന്ന് ചൂണ്ടിക്കാട്ടി കെബിപിഎസ് മാനേജിംഗ് ഡയറക്ടര്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു കത്തു നല്‍കിയിരുന്നു. പാഠപുസ്തകങ്ങളുടേയും ലോട്ടറിയുടേയും ഉള്‍പ്പെടെ അച്ചടിക്കൂലിയിനത്തില്‍ 225 കോടി രൂപയാണ് കെബിപിഎസിനു ലഭിക്കാനുള്ളത്. ട്വന്റിഫോര്‍ എക്‌സ്‌ക്ലൂസീവ്

സംസ്ഥാനത്തെ സ്‌കൂള്‍ പാഠപുസ്തകങ്ങളുടേയും ലോട്ടറിയുടേയും അച്ചടി കേരള ബുക്ക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിക്കാണ്. എന്നാല്‍ 2010 -2011 സാമ്പത്തിക വര്‍ഷം മുതല്‍ പാഠപുസ്തക അച്ചടി, വിതരണ ചാര്‍ജ്, പേപ്പര്‍ വാങ്ങിയതു എന്നീ ഇനങ്ങളിലായി 148.38 കോടി രൂപ കെബിപിഎസിനു ലഭിക്കാനുണ്ട്. തുക ലഭിച്ചില്ലെങ്കിലും വര്‍ഷാവര്‍ഷം കെബിപിഎസിന്റെ ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ച് പാഠപുസ്തക അച്ചടി നടത്തുകയാണ് ചെയ്തത്.

കെബിപിഎസിന്റെ ഫണ്ടില്‍ നിന്ന് പേപ്പറും മഷിയും വാങ്ങി അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി തുടങ്ങിയെങ്കിലും ഫണ്ടില്ലാത്തതിനാല്‍ പാതി വഴിയില്‍ അച്ചടി നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. സര്‍ക്കാരില്‍ നിന്നും ഫണ്ടുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് അച്ചടി നിര്‍ത്തേണ്ടിവന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് മാനേജിംഗ് ഡയറക്ടര്‍ അയച്ച കത്തില്‍ പറയുന്നു.

ട്രഷറി നിയന്ത്രണം കാരണം വിവിധ വകുപ്പുകള്‍ അച്ചടി കൂലി ഇനത്തില്‍ നല്‍കേണ്ട തുക നല്‍കിയിട്ടില്ല. ഇതിനാല്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കത്തില്‍ വിശദീകരിക്കുന്നു. ഇതു ലോട്ടറി ടിക്കറ്റുകളുടെ അച്ചടിയേയും സാരമായി ബാധിച്ചിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പില്‍ നിന്നു മാത്രം 60.95 കോടി രൂപയാണ് ലഭിക്കാനുള്ളത്. ഇതുള്‍പ്പെടെ വിവിധ വകുപ്പുകളില്‍ നിന്നായി 225.71 കോടി കുടിശികയാണെന്നും ഇതു ലഭ്യമാക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്നും കത്തില്‍ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here