അണ്ടർ-19 ലോകകപ്പ്; ഇന്ത്യക്ക് ഇന്ന് രണ്ടാം മത്സരം

ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിക്കുന്ന കൗമാര ലോകകപ്പിൽ ഇന്ത്യക്കിന്ന് രണ്ടാം മത്സരം. യോഗ്യതാ മത്സരങ്ങൾ കളിച്ചെത്തിയ ജപ്പാനാണ് ഇന്ത്യയുടെ എതിരാളികൾ. ആദ്യ മത്സരത്തിൽ അയൽക്കാരായ ശ്രീലങ്കയെ തകർത്ത ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ജയത്തോടെ അടുത്ത റൗണ്ട് ഉറപ്പിക്കുക എന്നതാവും ഇന്ത്യയുടെ ലക്ഷ്യം.
നിലവിലെ ലോക ചാമ്പ്യന്മാരായ ഇന്ത്യ അതിശക്തമായ ടീമിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ അപാര ബാറ്റിംഗ് പ്രകടനവുമായി തലക്കെട്ടുകളിൽ ഇടം നേടിയ യശസ്വി ജെയ്സ്‌വാൾ, ക്യാപ്റ്റൻ പ്രിയം ഗാർഗ്, വിക്കറ്റ് കീപ്പർ ധ്രുവ് ജുറെൽ, ഓൾറൗണ്ടർ സിദ്ധേഷ് വീർ തുടങ്ങിയവരൊക്കെ മികച്ച ഫോമിലാണ്. പുതുമുഖങ്ങളായ ജപ്പാനെ അനായാസം പരാജയപ്പെടുത്താമെന്ന പ്രതീക്ഷയാണ് ഇന്ത്യക്കുള്ളത്.
ആദ്യ മത്സരത്തിൽ ശ്രീലങ്കയെ 90 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. നിശ്ചിത 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ 297 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 207 റൺസിന് ഓൾഔട്ടായി. ഓപ്പണർ യശസ്വി ജയ്‌സ്വാൾ (59), ക്യാപ്റ്റൻ പ്രിയം ഗാർഗ് (56), വിക്കറ്റ് കീപ്പർ ധ്രുവ് ജുറെൽ (52 നോട്ടൗട്ട്) എന്നീ മൂന്ന് താരങ്ങളുടെ അർധസെഞ്ചുറിയാണ് ഇന്ത്യൻ സ്കോറിംഗിനു ശക്തിയായത്. 27 പന്തുകളിൽ 44 റൺസെടുത്ത് പുറത്താവാതെ നിന്ന സിദ്ധേഷ് വീറും ഇന്ത്യക്കായി നിർണായക സംഭാവന നൽകി.
മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കക്കായി 50 റൺസെടുത്ത ക്യാപ്റ്റൻ നിപുൺ ധനഞ്ജയയാണ് ടോപ്പ് സ്കോറർ ആയത്. രവിന്ദു രസന്ത (49), കമിൽ മിശ്ര (39) എന്നിവരും ശ്രീലങ്കക്കായി പൊരുതി. പക്ഷേ, ഇന്ത്യൻ ബൗളർമാരുടെ കൂട്ടായ ശ്രമത്തിനു മുന്നിൽ മരതക ദ്വീപുകാർക്ക് കാലിടറുകയായിരുന്നു. 45.2 ഓവറിൽ ശ്രീലങ്ക എല്ലാവരും പുറത്താവുകയായിരുന്നു. രവി ബിഷ്ണോയ്, സിദ്ധേഷ് വീർ, ആകാശ് സിംഗ് എന്നിവർ ഇന്ത്യക്കായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Story Highlights: U-19, World Cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here