2017ൽ റോഹിംഗ്യൻ വംശജർക്കെതിരെ നടന്ന അതിക്രമം വംശഹത്യയല്ലെന്ന് റിപ്പോർട്ട്

2017 ൽ മ്യാൻമറിൽ റോഹിംഗ്യൻ വംശജർക്കെതിരെ നടന്ന അതിക്രമം വംശഹത്യയല്ലെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച കേസ് അന്താരാഷ്ട്ര നീതി ന്യായ കോടതി അടുത്ത ദിവസം പരിഗണിക്കാനിരിക്കെയാണ് മ്യാൻമാർ സർക്കാർ നിയോഗിച്ച കമ്മീഷന്റെ കണ്ടെത്തലുകൾ പുറത്തുവന്നത്. അതേസമയം ചില സൈനികർ യുദ്ധക്കുറ്റങ്ങൾ ചെയ്തിട്ടുണ്ടെന്നും കമ്മീഷൻ കണ്ടെത്തി.

ദ ഇൻഡിപെൻഡന്റ് കമ്മീഷൻ ഓഫ് എൻക്വയറി ഇന്നലെയാണ് തങ്ങളുടെ കണ്ടെത്തലുകൾ പ്രസിഡന്റ് വിൻ മിന്റിന് സമർപ്പിച്ചത്. എന്നാൽ പൂർണ റിപ്പോർട്ട് ഇനിയും സമർപ്പിച്ചിട്ടില്ല. ഫിലിപ്പൈൻസ് നയതന്ത്രജ്ഞൻ റൊസാരിയോ മനാലോയുടെ നേതൃത്വത്തിലുള്ള നാലംഗ അന്വേഷണ കമ്മീഷനാണ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയത്. അതേസമയം ചില സൈനികർ യുദ്ധക്കുറ്റങ്ങൾ ചെയ്തിട്ടുണ്ടെന്ന് അന്വേഷണ കമ്മീഷൻ കണ്ടെത്തി. ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് ചില സൈനികർ നടത്തിയത്. നിരപരാധികളായ ഗ്രാമീണരെ വധിക്കുക, അവരുടെ വീടുകൾ തീയിടുക തുടങ്ങി നിരവധി യുദ്ധക്കുറ്റങ്ങൾ ഇവർ ചെയ്തിട്ടുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി. എന്നാൽ ഇത് വംശഹത്യയാണെന്ന് പറയാൻ ആവില്ലെന്നാണ് കമ്മീഷന്റെ നിലപാട്. ഏതെങ്കിലും വംശത്തെയോ മതവിഭാഗങ്ങളെയോ പൂർണമായോ ഭാഗികമായോ ഇല്ലാതാക്കുന്നതിനാണ് ഈ കുറ്റകൃത്യങ്ങൾ ചെയ്തത് എന്നതിന് ആവശ്യമായ തെളിവുകളില്ലെന്നും അന്വേഷണ കമ്മീഷൻ അറിയിച്ചു.

അതേസമയം റോഹിംഗ്യൻ വംശജർക്കതിരെ മ്യാൻമറിൽ തുടരുന്ന വംശഹത്യക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെടുന്ന കേസ് അന്താരാഷ്ട്ര നീതിന്യായ കോടതി അടുത്ത ദിവസങ്ങളിൽ പരിഗണിക്കാനിരിക്കെയാണ് പുതിയ കണ്ടെത്തലുകൾ മ്യാൻമർ സർക്കാർ പുറത്തുവിട്ടതെന്ന് ശ്രദ്ധേയമാണ്. 2017ൽ നടന്ന സൈനിക നടപടിയെത്തുടർന്ന് ഏഴര ലക്ഷത്തോളം റോഹിംഗ്യൻ മുസ്ലീങ്ങളാണ് കൂട്ടപലായനം ചെയ്ത് ബംഗ്ലാദേശിലെ അഭയാർത്ഥി ക്യാമ്പുകളിൽ അഭയം തേടിയത്.

Story Highlights- Rohingyan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top