ധവാന് വിശ്രമം 10 ആഴ്ച; ഐപിഎല്ലിന്റെ തുടക്കം നഷ്ടമാവുമെന്ന് റിപ്പോർട്ട്

ഇന്ത്യൻ ഓപ്പണർ ശിഖർ ധവാന് 10 ആഴ്ച വിശ്രമം വേണ്ടി വരുമെന്ന് റിപ്പോർട്ട്. 10 ആഴ്ചത്തെ വിശ്രമം എടുക്കേണ്ടി വന്നാൽ വരുന്ന ഐപിഎൽ സീസണിലെ ആദ്യ മത്സരങ്ങൾ ധവാനു നഷ്ടമാകും. ഐപിഎല്ലിൽ ശ്രേയാസ് അയ്യർ അയ്യർ നയിക്കുന്ന ഡൽഹി ക്യാപിറ്റൽസിൻ്റെ സുപ്രധാന താരമായ ധവാൻ ഇല്ലെങ്കിൽ അത് ഡൽഹിക്കും തിരിച്ചടിയാകും.
മാർച്ച് 29നാണ് ഐപിഎൽ മത്സരങ്ങൾ ആരംഭിക്കുക. അതിനു മുൻപ് പരുക്കു മാറി ധവാൻ കളി തുടരുമോ എന്ന കാര്യത്തിൽ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ലെങ്കിലും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അദ്ദേഹം കളിക്കാൻ വൈകും എന്നാണ്. വിവരം അറിഞ്ഞതോടെ ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിലും ആശങ്ക ഉയരുകയാണ്. പോയ സീസണിൽ നോക്കൗട്ട് റൗണ്ടിലെത്തിയ ഡൽഹിയുടെ യാത്രയിൽ ധവാൻ സുപ്രധാന പങ്കു വഹിച്ചിരുന്നു.
ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് ധവാനു പരുക്കേറ്റത്. പന്ത് ഫീൽഡ് ചെയ്യാനായി ഡൈവ് ചെയ്ത ധവാൻ ഇടതു തോളിനു പരുക്കേറ്റ് മടങ്ങി. പകരം സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറായി യുസ്‌വേന്ദ്ര ചഹാലാണ് ഇറങ്ങിയത്. ധവാനു പകരം ലോകേഷ് രാഹുലാണ് പിന്നീട് ഇന്ത്യൻ ഇന്നിംഗ്സ് രോഹിതിനൊപ്പം ഓപ്പൺ ചെയ്തത്.
പരുക്കിനെത്തുടർന്ന് ന്യൂസിലൻഡ് ടി-20, ഏകദിന പരമ്പരക്കുള്ള ടീമിൽ ധവാൻ ഉൾപ്പെട്ടിരുന്നില്ല. ടി-20 പരമ്പരയിൽ സഞ്ജു സാംസണും ഏകദിന പരമ്പരയിൽ പൃഥ്വി ഷായും ധവാനു പകരക്കാരായി കളിക്കും. ന്യൂസിലൻഡ് എക്കെതിരെ നടന്ന ആദ്യ ഏകദിന മത്സരത്തിൽ ഇരുവരും ഉജ്ജ്വല പ്രകടനം നടത്തിയിരുന്നു.
Story Highlights: T-20, Shikhar Dhawan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here