Advertisement

‘സ്രാവുകൾക്കൊപ്പം ഉളള നീന്തൽ അത്ര സുഖകരമല്ല’ : ജേക്കബ് തോമസ്

January 22, 2020
Google News 2 minutes Read

ഡിജിപി റാങ്കിൽ നിന്ന് എഡിജിപിയായി തരംതാഴ്ത്തിയ സർക്കാർ നടപടിയിൽ പ്രതികരണവുമായി ജേക്കബ് തോമസ്. തരംതാഴ്ത്തൽ അല്ല തരംതിരിക്കൽ ആണ് ഇപ്പോൾ നടന്നതെന്ന് ഡിജിപി ജേക്കബ് തോമസ് പറഞ്ഞു. സർക്കാർ പറയുന്നത് പൗരന്മാർക്ക് അനുസരിക്കുകയല്ലേ നിർവാഹമുള്ളൂവെന്ന് ജേക്കബ് തോമസ് ചോദിച്ചു.

‘നീതിമാനാണ് നീതി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. നടപടി സംബന്ധിച്ച ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. എസ്‌ഐ പോസ്റ്റിനും അതിന്റേതായ വിലയുണ്ട്. അത് ലഭിച്ചാലും സ്വീകരിക്കും. സ്രാവുകൾക്കൊപ്പം ഉളള നീന്തൽ അത്ര സുഖകരമല്ല.’-ജേക്കബ് തോമസ് പറഞ്ഞു.

ഇന്ന് രാവിലെയാണ് ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ നിരന്തരം ആവർത്തിക്കുന്നുവെന്ന് ആരോപിച്ച് സംസ്ഥാന സർക്കാർ ജേക്കബ് തോമസിനെ തരംതാഴ്ത്തിയെന്ന വാർത്ത പുറത്തുവരുന്നത്. ഏറെക്കാലം സസ്‌പെൻഷനിലായിരുന്ന ജേക്കബ് തോമസിനെ ഏതാനും മാസങ്ങൾ മുമ്പാണ് മെറ്റൽ ആന്റ് സ്റ്റീൽ ഇൻഡസ്ട്രീസ് എംഡിയായി നിയമിച്ചത്.

Read Also : ജേക്കബ് തോമസിനെ എഡിജിപിയായി തരംതാഴ്ത്തി; ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ ആവർത്തിക്കുന്നുവെന്ന റിപ്പോർട്ടിന്മേൽ നടപടി

സർവീസിലിരിക്കെ തന്നെ ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പുസ്തകം ജേക്കബ് തോമസ് പുറത്തിറക്കിയിരുന്നു. സർവീസിലിരിക്കുന്ന ഉദ്യോഗസ്ഥൻ പുസ്തകം ഇറക്കുന്നതിന് സർക്കാരിന്റെ അനുമതി തേടണമെന്ന ചട്ടം ജേക്കബ് തോമസ് ലംഘിച്ചുവെന്ന് പിന്നീട് സർക്കാർ നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തി. ഇതിന് പുറമെ തുറമുഖ വകുപ്പ് ഡയറക്ടറായിരുന്ന സമയത്ത് ഡ്രഡ്ജർ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതി കേസിൽ ജേക്കബ് തോമസിനെ സസ്‌പെൻഡ് ചെയ്തിരുന്നു.

രണ്ട് വർഷത്തോളം സസ്‌പെൻഷനിലായിരുന്ന ഇദ്ദേഹം സംസ്ഥാന സർക്കാർ നടപടിക്കെതിരെ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ പരാതി നൽകിയിരുന്നു. ഈ ട്രിബ്യൂണലിന്റെ വിധിയുടെ അടിസ്ഥാനത്തിലാണ് ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുത്തത്. മെയ് 31നാണ് ജേക്കബ് തോമസ് വിരമിക്കുന്നത്. വിരമിക്കലിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് സർക്കാർ നടപടി.

Story Highlights – jacob thomas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here