മരട് ഫ്ലാറ്റ് കേസ്; ദേവസിക്ക് കുരുക്കി മുറുക്കി അന്വേഷണ സംഘം

മരട് ഫ്ലാറ്റ് അഴിമതി കേസിൽ സിപിഐഎം നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ കെഎ ദേവസിക്ക് കുരുക്കി മുറുക്കി അന്വേഷണ സംഘം. ദേവസിയ്ക്ക് എതിരായ തെളിവുകൾ നിരത്തി ഒന്നര മാസം മുൻപ് ക്രൈംബ്രാഞ്ച് നൽകിയ കത്ത് സർക്കാർ നിയമോപദേശത്തിനായി വിട്ടു. ദേവസിയെ പ്രതി ചേർക്കാൻ അനുമതി തേടിയുള്ള ക്രൈംബ്രാഞ്ച് റിപ്പോർട്ട് 24 ന് ലഭിച്ചു. ദേവസിക്കെതിരെ മുൻ പഞ്ചായത്ത് മെമ്പർമാർ മജിസ്ട്രേറ്റിന് കത്ത് നൽകി.
മരട് മുൻ പഞ്ചായത്ത് പ്രസിഡന്റും സിപിഐഎം നേതാവുമായ കെഎ ദേവസിക്കെതിരെ അഴിമതി നിരോധന വകുപ്പുകളും പൊലീസ് ആക്ടും ചേർത്ത് കേസ് എടുത്ത് അന്വേഷണം നടത്താൻ അനുമതി നൽകണമെന്നാണ് ക്രൈംബ്രാഞ്ച് സർക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അനധികൃത ഫ്ലാറ്റ് നിർമ്മാണത്തിൽ സിപിഐഎം നേതാവിന് നിർണ്ണായക പങ്കുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഡിസംബർ അഞ്ചിന് അന്വേഷണ സംഘം നൽകിയ കത്ത് ഡിസംബർ ആറിന് തെളിവുകളടക്കം ഉൾക്കൊള്ളിച്ച് ക്രൈംബ്രാഞ്ച് മേധാവി സർക്കാറിന് കൈമാറി.
ദേവസി പൊതുപ്രവർത്തകനായതിനാൽ അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുക്കാൻ മുൻകൂർ അനുമതി തേടിയായിരുന്നു സർക്കാറിന് കത്ത് നൽകിയത്. ദേവസിയെ പ്രതിയാക്കുന്നതിൽ സർക്കാർ ഡയറക്ടർ ജനറലിനോട് നിയമോപദേശം തേടിയിരിക്കുകയാണ്. കേസിൽ ദേവസിക്കെതിരെ ശക്തമായ തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
CRZ ലെ അനാവശ്യ പ്രശ്നം ചൂണ്ടിക്കാട്ടി നിർമ്മാണം തടസ്സപ്പെടുത്തരുതെന്ന് 2006ൽ ദേവസി അധ്യക്ഷനായ ഭരണസമിതി നിർദ്ദേശം നൽകിയെന്നായിരുന്നു സെക്രട്ടറിയുടെ മൊഴി. എന്നാൽ ഭരണസമിതി ഒറ്റക്കെട്ടായി അങ്ങനെ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് മറ്റ് പഞ്ചായത്ത് അംഗങ്ങൾ മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകിയിട്ടുണ്ട്. പഞ്ചായത്ത് മിനുട്സിൽ തന്നെ തിരുത്തൽ വരുത്തിയാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിലടക്കം ദേവസിയുടെ പങ്കിൽ നിർണ്ണായക വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിന് അനുമതി ലഭിച്ചാൽ ദേവസിയെ ഫെബ്രുവരി ആദ്യവാരം ചോദ്യം ചെയ്യും. തുടർന്ന് അറസ്റ്റിലേയ്ക്ക് നീങ്ങാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.
Story Highlights: CPIM, KA Devassy, Maradu Flat Demolition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here