ന്യൂസിലൻഡിലുള്ളത് 5 മത്സരങ്ങളുടെ ലക്ഷ്വറി; ഇക്കുറി സഞ്ജുവിന് വേണ്ടത്ര അവസരങ്ങൾ ലഭിക്കും

സഞ്ജു ധവാനു നല്ലൊരു ട്രീറ്റ് നൽകണം. ന്യൂസിലൻഡ് പര്യടനം ഉൾപ്പെടെ രണ്ട് പരമ്പരകളിൽ സഞ്ജു ടീമിലെത്താൻ കാരണം ശിഖർ ധവാൻ്റെ പരുക്കായിരുന്നു. നാലു പരമ്പരകളിൽ ടീമിൽ ഉണ്ടായിരുന്നിട്ടും ആകെ ഒരു മത്സരം മാത്രമേ കളിച്ചുള്ളൂ എന്നത് ചർച്ച ചെയ്യപ്പെടേണ്ടതാണെങ്കിലും ഋഷഭ് പന്തിനെ അള്ളിപ്പിടിച്ചിരിക്കുന്ന ബിസിസിഐ പിടുത്തം വിട്ട് സഞ്ജുവിനെ കടാക്ഷിക്കാൻ ധവാൻ വേണ്ടി വന്നു. ശരി അതവിടെ നിൽക്കട്ടെ. നേരത്തെ പറഞ്ഞ, ഒരു മത്സരത്തിൽ മാത്രം ലഭിച്ച അവസരം ഈ പരമ്പരയിൽ അധികരിക്കാൻ സാധ്യതയുണ്ട്.
അഞ്ചു മത്സരങ്ങളാണ് ടി-20 പരമ്പരയിൽ ഉള്ളത്. അതുകൊണ്ട് തന്നെ സഞ്ജുവിന് ഒന്നിലധികം മത്സരങ്ങളിൽ അവസരം ലഭിച്ചേക്കും. ഋഷഭ് പന്തിന്മേലുള്ള പിടി ബിസിസിഐ വിട്ടിട്ടില്ലെങ്കിലും അഞ്ച് മത്സരങ്ങളുടെ ധാരാളിത്തം ടീം ഇന്ത്യക്ക് ശ്വാസം കഴിക്കാനുള്ള അവസരം ലഭിക്കും. വിക്കറ്റ് കീപ്പറായി കുറച്ചു കാലത്തേക്ക് ലോകേഷ് രാഹുലിനെ പരീക്ഷിക്കും എന്ന കോലിയുടെ പ്രഖ്യാപനം പ്രഖ്യാപനമായി ഒതുങ്ങുമോ ഇല്ലയോ എന്നറിയാൻ പരമ്പര തുടങ്ങേണ്ടി വരും. കോലി പറഞ്ഞ വാക്കിൽ ഉറച്ചു നിന്നാൽ പന്തിൻ്റെ സ്ഥാനത്തിന് കൂടുതൽ ഭീഷണിയാവും. അവസരം ലഭിക്കുമ്പോഴൊക്കെ വിക്കറ്റ് കീപ്പർ റോൾ പന്തിനെക്കാൾ നന്നായി കെട്ടിയാടിയിട്ടുള്ളതു കൊണ്ട് തന്നെ സഞ്ജുവിന് അവിടെ മേൽക്കൈ ലഭിക്കും. പിന്നെ, ബിസിസിഐ ആണെന്നുള്ള ആശങ്കയേയുള്ളൂ.
ഇനി മറ്റൊരു പ്രതിസന്ധിയുണ്ട്. രാഹുലും രോഹിതും തന്നെയാവും ഓപ്പണിംഗ് റോളിൽ. മൂന്നാം നമ്പറിൽ കോലി, നാലാം നമ്പറിൽ ശ്രേയാസ് അയ്യർ എന്നിവർ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. അഞ്ച്, ആറ് നമ്പരുകളിൽ മനീഷ് പാണ്ഡെ, ഋഷഭ് പന്ത് എന്നിവരിൽ ആരുടെയെങ്കിലും റോളിലേക്ക് സഞ്ജു പകരം വരാനാണ് സാധ്യത. ആ റോളുകളിൽ, ടി-20 മത്സരങ്ങളിൽ സഞ്ജുവിന് പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യാനാവുമെന്ന് തോന്നുന്നില്ല. ഒരു ക്വിക്ക് ഫയർ 30 ഒക്കെ സഞ്ജുവിനെക്കാൾ പന്തും പാണ്ഡെയും സ്കോർ ചെയ്യാനാണ് സാധ്യത. ഇനി, ശ്രീലങ്കൻ പരമ്പരയിൽ സഞ്ജുവിനെ മൂന്നാം നമ്പറിൽ ഇറക്കിയ കോലി ആ പരീക്ഷണം വീണ്ടും ആവർത്തിക്കണം. അത് വെറും പരീക്ഷണമാണ്. ആ റോളിൽ സഞ്ജു ടീമിൽ സ്ഥിരപ്പെടില്ല.
അഥവാ, അത്തിപ്പഴം പഴുത്താലും കാക്കയ്ക്ക് വായിൽ പുണ്ണ് തന്നെയാവാനാണ് സാധ്യത.
Story Highlights: New Zealand, Sanju Samson
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here