കോതമംഗലം പള്ളിത്തര്‍ക്കം: സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി

കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി. വിധി നടപ്പാക്കിയില്ലെന്ന് കാട്ടി ഓര്‍ത്തഡോക്‌സ് വിഭാഗം സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി. വിധി നടത്തിപ്പിന് ധൃതി പിടിക്കേണ്ടതില്ലെന്ന് ഹര്‍ജി പരിഗണിക്കവേ ഓര്‍ത്തഡോക്‌സ് വിഭാഗത്തോട് കോടതി പറഞ്ഞു.
കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളി ജില്ലാ കളക്ടര്‍ ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ വിധി നടപ്പാക്കിയില്ലെന്ന് കാട്ടി ഓര്‍ത്തഡോക്‌സ് വികാരി തോമസ് പോള്‍ റമ്പാനാണ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. വിധി നടത്തിപ്പിന് സ്വീകരിച്ച നടപടികള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചിരുന്നു. പള്ളി ഏറ്റെടുക്കുന്നതിന് ധൃതി പിടിക്കേണ്ടതില്ലെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗത്തോട് കോടതി പറഞ്ഞു.
സുപ്രിം കോടതി ഉത്തരവ് നടപ്പാക്കും. കോടതി ആരുടെയും പക്ഷം പിടിക്കാനില്ല. നടപ്പിലാക്കേണ്ട ഉത്തരവുകള്‍ വേറെയുമുണ്ട്. പള്ളിക്കേസിലേത് മാത്രമല്ലെന്നും കോടതി പറഞ്ഞു. ഉത്തരവ് വേഗത്തില്‍ നടപ്പാക്കണമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം അഭിഭാഷകന്‍ വാദിച്ചപ്പോഴായിരുന്നു കോടതി പരാമര്‍ശം.
കോടതിയലക്ഷ്യക്കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
ഈ അപേക്ഷ കോടതി അനുവദിച്ചു. പള്ളി ജില്ലാ കളക്ടര്‍ ഏറ്റെടുത്ത് കൈമാറണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കി. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ ഹര്‍ജി. യാക്കോബായ വിഭാഗവും, സര്‍ക്കാരും സമര്‍പ്പിച്ച റിവ്യൂ ഹര്‍ജികള്‍ കോടതി തിങ്കളാഴ്ച പരിഗണിക്കും. ഹര്‍ജിയില്‍ തീരുമാനം എടുത്ത ശേഷമായിരിക്കും കോടതി അലക്ഷ്യ ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കുക.
Story Highlights: kothamangalam church
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here