‘ആദ്യം വനിതാ ക്രിക്കറ്റ് വരുമാനം കൊണ്ടുവരട്ടെ; എന്നിട്ട് തുല്യ വേതനത്തെപ്പറ്റി പറയാം’: സ്മൃതി മന്ദന

തുല്യവേതനത്തെപ്പറ്റി വ്യത്യസ്ത നിലപാടുമായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദന. വനിതാ ക്രിക്കറ്റ് വരുമാനം ഉണ്ടാക്കിയിട്ട് തുല്യവേതനത്തെപ്പറ്റി ചർച്ച ചെയ്യാം എന്നാണ് മന്ദന പറഞ്ഞത്. നേരത്തെ, ഇതിഹാസ താരം മിതാലി രാജ് തുല്യ വേതനം വേണമെന്ന നിലപാടുമായി രംഗത്തെത്തിയിരുന്നു. ഇതിനെ തള്ളിയാണ് മന്ദന ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.
“ഒരു കാര്യം നമ്മൾ മനസ്സിലാക്കണം: വനിതാ ക്രിക്കറ്റിൻ്റെ വരുമാനം. പുരുഷ ക്രിക്കറ്റിനു ലഭിക്കുന്ന അതേ വരുമാനം വനിതാ ക്രിക്കറ്റിനും ലഭിക്കുന്ന ദിവസം, തുല്യ വേതനത്തിനായി വാദിക്കുന്ന ആദ്യത്തെ ആൾ ഞാനായിരിക്കും. പക്ഷേ, ഇപ്പോൾ അത് ആവശ്യപ്പെടാനാവില്ല. കളി ജയിച്ച് ആളെക്കൂട്ടി വരുമാനം ഉണ്ടാക്കുന്ന എന്നതാണ് കാര്യം. അതല്ലാതെ തുല്യവേതനത്തിനായി വാദിക്കുന്നത് നീതികേടാണ്. അത് ശരിയല്ല.”- മന്ദന പറഞ്ഞു.
നിലവിൽ, ഏറ്റവും ഉയർന്ന ഗ്രേഡിലുള്ള വനിതാ താരങ്ങൾക്ക് വർഷം 50 ലക്ഷം രൂപയാണ് ലഭിക്കുക. ഇത് പുരുഷ താരങ്ങൾക്ക് ലഭിക്കുന്നതിനെക്കാൾ വളരെ കുറവാണ്. പുരുഷ ക്രിക്കറ്റർമാരുടെ ഏറ്റവും താഴ്ന്ന ഗ്രേഡായ ഗ്രേഡ് സിയിലെ താരങ്ങൾക്ക് ഒരു കോടി രൂപ വാർഷിക ശമ്പളമുണ്ട്.
നേരത്തെ ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് സ്ത്രീ-പുരുഷ ക്രിക്കറ്റ് താരങ്ങൾക്ക് തുല്യവേതനം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് അടക്കം തുല്യവേതനം പരിഗണിക്കുകയാണ്. അത്തരം ഒരു സാഹചര്യത്തിലാണ് മന്ദനയുടെ പ്രതികരണം.
ടി-20 ലോകകപ്പിലേക്കുള്ള തയ്യാറെടുപ്പിനായി ഇന്ത്യൻ ടീം ഇന്ന് ഓസ്ട്രേലിയയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അടുത്ത മാസം 21 മുതലാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുക. ആതിഥേയർക്കൊപ്പം ന്യൂസിലൻഡ്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ടീമുകൾ ഉൾക്കൊള്ളുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്. 16കാരിയായ ബംഗാൾ പുതുമുഖ ബാറ്റർ റിച്ച ഘോഷ് ആണ് ടീമിലെ സർപ്രൈസ് താരം. ഹർമൻപ്രീത് കൗറാണ് ഇന്ത്യയെ നയിക്കുക.
Story Highlights: Smriti Mandhana, Equal Pay
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here