കള്ളപ്പണക്കേസ്; സി സി തമ്പിയുടെ കസ്റ്റഡി കാലാവധി നീട്ടി

കള്ളപ്പണക്കേസിൽ അറസ്റ്റിലായ പ്രമുഖ വ്യവസായി സി സി തമ്പിയുടെ കസ്റ്റഡി കാലാവധി നീട്ടി. തമ്പിയെ നാല് ദിവസം കൂടി എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വിട്ടു. ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ഈ മാസം 28 ന് പരിഗണിക്കും.
ഡൽഹി റോസ് അവന്യു കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിൽ മൂന്ന് സാക്ഷികൾക്ക് നോട്ടീസ് നൽകിയെന്ന് ഇഡി കോടതിയെ അറിയിച്ചു. അതേസമയം, തമ്പിക്ക് അർബുദം കൂടാതെ മൂത്രാശയ സംബന്ധമായ അസുഖങ്ങൾ ഉണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. 2019 ജൂൺ മുതൽ ഇതുവരെ തമ്പിയെ 60 മുതൽ 80 മണിക്കൂർ വരെ ചോദ്യം ചെയ്തു. മാനുഷിക പരിഗണന നൽകണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.
read also: കള്ളപ്പണക്കേസ്; പ്രമുഖ വ്യവസായി സി.സി തമ്പി അറസ്റ്റിൽ
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് സി സി തമ്പിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ എടുത്തത്. വിദേശ വിനിമയ ചട്ടം ലംഘിച്ച് കോടികണക്കിന് രൂപയുടെ കള്ളപ്പണ ഇടപാട് സി സി തമ്പി നടത്തിയെന്ന വിലയിരുത്തലിലാണ് എൻഫോഴ്സ്മെന്റ് അന്വേഷണസംഘം. 288 കോടി രൂപയുടെ കള്ളപ്പണ ഇടപാടാണ് തമ്പിക്കെതിരെ ആരോപിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here