Advertisement

കൊറോണ വൈറസ്; ആരോഗ്യ വകുപ്പ് ഗൈഡ്‌ലൈന്‍ പുറത്തിറക്കി

January 24, 2020
Google News 1 minute Read

ചൈനയില്‍ നിന്ന് പുതിയതരം കൊറോണ വൈറസ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ കേരളവും ജാഗ്രതയോടെ നീങ്ങുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. കൊറോണ വൈറസ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ (ഗൈഡ്‌ലൈന്‍) പുറത്തിറക്കി.

ലോകാരോഗ്യ സംഘടന അംഗീകരിച്ച ചികിത്സാ മാനദണ്ഡങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ജനുവരി 18 മുതല്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ യോഗങ്ങള്‍ കൂടിയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി വരുന്നത്. ഇവയെല്ലാം കര്‍ശനമായി പാലിക്കാന്‍ എല്ലാ ആശുപത്രികളും തയ്യാറാകണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

ആശുപത്രികള്‍ സജ്ജമാക്കി

മെഡിക്കല്‍ കോളജുകളിലും ജില്ലയിലെ പ്രധാന ജനറല്‍, അല്ലെങ്കില്‍ ജില്ലാ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ തയാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ ആശുപത്രികളിലും അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാണ്ടതാണ്. മാസ്‌ക്, കൈയ്യുറ, സുരക്ഷാ കവചങ്ങള്‍ തുടങ്ങിയ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവ ലഭ്യമാക്കാന്‍ കെഎംഎസ്‌സിഎല്‍നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ സാമ്പിളുകള്‍ വൈറോളജി ലാബിലേക്ക് അയക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൊറോണ ഏറെ അപകടകാരി

മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും പകരുന്ന മാരക വൈറസ് രോഗമാണ് കൊറോണ. പനി, തൊണ്ടവേദന, ചുമ എന്നിവയാണ് കൊറോണ വൈറസിന്റെ പ്രധാന ലക്ഷണങ്ങള്‍. ചിലപ്പോള്‍ വയറിളക്കവും വരാം. സാധാരണഗതിയില്‍ ചെറുതായി വന്ന് പോകുമെങ്കിലും കടുത്ത് കഴിഞ്ഞാല്‍ ആന്തരികാവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. പുതിയ വൈറസായതിനാല്‍ അതിന് പ്രതിരോധ മരുന്നോ കൃത്യമായ ചികിത്സയോ ഇല്ല. പകരം അനുബന്ധ ചികിത്സയാണ് നല്‍കുന്നത്. ഇതിനുള്ള ചികിത്സാ മാര്‍ഗരേഖയാണ് പുറത്തിറക്കിയത്. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഇവരെ പ്രത്യേകം പാര്‍പ്പിച്ച് ചികിത്സ നല്‍കുകയാണ് പ്രധാനം. ചികിത്സിക്കുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം.

നിരീക്ഷണം ശക്തം

എയര്‍പോര്‍ട്ടുകള്‍, സീ പോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കിയാണ് പ്രാഥമികമായി കൊറോണ വൈറസ് ഉള്ളവരെ കണ്ടെത്തുന്നത്. എയര്‍പോര്‍ട്ട്/സീ പോര്‍ട്ട് ഹെല്‍ത്ത് ഓഫീസര്‍മാരാണ് ഇവരെ സ്‌ക്രീന്‍ ചെയ്യുന്നത്. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അവരെ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയ ആശുപത്രിയിലേക്ക് അയയ്ക്കും.

രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ ബോധവത്കരണം നല്‍കി വീടുകളില്‍ തന്നെ നിരീക്ഷിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തും. ഇവരെ 28 ദിവസം വരെ നിരീക്ഷിക്കും. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഐസൊലേഷന്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുള്ള ആശുപത്രിയില്‍ എത്തേണ്ടതാണ്. ചൈനയില്‍ നിന്നും വന്നവര്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍മാരുമായി ബന്ധപ്പെടേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് ആരോഗ്യ വകുപ്പിന്റെ ദിശ 1056, 0471 2552056 എന്നീ നമ്പരുമായി ബന്ധപ്പെടേണ്ടതാണ്.

Story Highlights: Corona virus infection,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here