പഴയ ഫീസ് ഘടനയിൽ ജെഎൻയുവിൽ രജിസ്‌ട്രേഷൻ നടത്താൻ ഡൽഹി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

ഫീസ് വർധനവിൽ ജവഹർലാൽ നെഹ്‌റു സർവകലാശാലയ്ക്ക് ഡൽഹി ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് അടക്കം ഫീസ് വർധിപ്പിച്ചതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് രാജീവ് ശക്‌ധേർ അധ്യക്ഷനായ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ശീതകാല സെമസ്റ്റർ രജിസ്ട്രേഷൻ പഴയ ഹോസ്റ്റൽ മാന്വൽ പ്രകാരം നടത്തണമെന്നായിരുന്നു ആവശ്യം. ഫീസ് വർധന ഏർപ്പെടുത്തിക്കൊണ്ടുള്ള ഉന്നതാധികാര സമിതിയുടെ നടപടി റദ്ദ് ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
Read Also: ജെഎൻയു ഫീസ് വർധന; കോടതിയെ സമീപിക്കുന്നതിൽ വിദ്യാർത്ഥി യൂണിയന്റെ അന്തിമ തീരുമാനം ഇന്ന്
വാദമുഖങ്ങൾ പരിഗണിച്ച കോടതി വിദ്യാർത്ഥികൾക്ക് ആശ്വാസകരമായ നിലപാട് സ്വീകരിച്ചു. രജിസ്ട്രേഷൻ നടപടി പഴയ ഹോസ്റ്റൽ മാന്വൽ പ്രകാരം നടത്തണം. രജിസ്ട്രേഷൻ നടത്താൻ ഒരാഴ്ച സമയം കൂടി അനുവദിച്ച ഹൈക്കോടതി ലേറ്റ് ഫീ വാങ്ങരുതെന്നും നിർദേശിച്ചു. വിദ്യാർത്ഥികളുടെ ആരോപണത്തിൽ സർവകലാശാല രണ്ടാഴ്ചയ്ക്കകം മറുപടി നൽകണം. ഫീസ് വിഷയം അടുത്ത മാസം ഇരുപത്തിയെട്ടിന് വീണ്ടും പരിഗണിക്കാനും കോടതി തീരുമാനിച്ചു.
ജെഎൻയു വിദ്യാർത്ഥി യൂണിയൻ ഇടക്കാല ഉത്തരവിനെ സ്വാഗതം ചെയ്തു. ഉന്നയിച്ച എല്ലാ വിഷയങ്ങളിലും പരിഹാരമുണ്ടാകും വരെ സമരം തുടരുമെന്ന് യൂണിയൻ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here