കളിയിക്കാവിള: എഎസ്‌ഐയെ കൊല്ലാൻ ഉപയോഗിച്ച കത്തി കണ്ടെടുത്തു

കളിയിക്കാവിളയിൽ എഎസ്‌ഐയെ കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പ് പുരോഗമിക്കുന്നു. എഎസ്‌ഐയെ കൊല്ലാൻ ഉപയോഗിച്ച കത്തി കണ്ടെടുത്തു. തമ്പാനൂർ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നാണ് അന്വേഷണ സംഘം കത്തി കണ്ടെടുത്തത്.
കളിയിക്കാവിള ചെക്ക് പോസ്റ്റിൽ തമിഴ്‌നാട് സ്‌പെഷ്യൽ എഎസ്‌ഐയെ വെടിവച്ചു കൊന്ന കേസിൽ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മുഖ്യപ്രതികളായ അബ്ദുൾ ഷമീം, തൗഫീക്ക് എന്നിവരെ തെളിവെടുപ്പിനായി തമ്പാനൂരിൽ എത്തിച്ചത്. തെളിവെടുപ്പിനിടെ ആയുധം ഉപേക്ഷിച്ച സ്ഥലം പ്രതികൾ കാണിച്ചുകൊടുക്കുകയായിരുന്നു. തുടർന്നുള്ള തെളിവെടുപ്പിലാണ് എഎസ്‌ഐയെ വെട്ടാനായി ഉപയോഗിച്ച കത്തി കണ്ടെത്തിയത്. കൃത്യത്തിന് മുൻപ് പ്രതികൾ വിത്സനെ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു.
നേരത്തെ കൊച്ചിയിൽ നടന്ന തെളിവെടുപ്പിൽ പ്രതികൾ ഉപയോഗിച്ച തോക്ക് കണ്ടെത്തിയിരുന്നു. സെന്യത്തിൽ ഉപയോഗിക്കുന്ന തരത്തിലുള്ള ഇറ്റാലിയൻ നിർമിത തോക്ക് പ്രതികളുടെ കൈയിൽ എങ്ങനെ ലഭിച്ചു എന്നതിന് ഇനിയും വ്യക്തത വന്നിട്ടില്ല. അതിനിടെയാണ് എഎസ്‌ഐയെ വെട്ടാനായി ഉപയോഗിച്ച കത്തിയും കണ്ടെത്തിയിരിക്കുന്നത്. മണക്കാട്, വിതുര, നെയ്യാറ്റിൻകര എന്നിവിടങ്ങളിലും ഇന്ന് തെളിവെടുപ്പ് നടക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here