29
Jul 2021
Thursday

‘മരണത്തെ മുൻകൂട്ടി കണ്ടതുപോലെ’; പത്മരാജന്റെ ഓർമകളിൽ വിവി ബാബു

തൊട്ടതെല്ലാം പൊന്നാക്കിയ മലയാള സിനിമയുടെ ക്ലാസിക് ഹിറ്റുകളുടെ കാരണക്കാരൻ. തകരയെയും ഗന്ധർവനെയും ഇന്നലെയും മലയാളിക്ക് സമ്മാനിച്ച പത്മരാജൻ. രതിയെയും പ്രേമത്തെയും സമാനതകളില്ലാതെ വെള്ളിത്തിരയിൽ കോറിയിട്ട കാൽപനികൻ. അങ്ങനെ വിശേഷണങ്ങൾക്കപ്പുറമാണ് പത്മരാജൻ എന്ന മലയാളികളുടെ പ്രിയപ്പെട്ട പപ്പേട്ടൻ…

1978ൽ പത്മരാജൻ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത രതി നിർവേദത്തിനു ശേഷം പത്മരാജൻ ഭരതൻ കൂട്ടുകെട്ടിൽ വിവി ബാബു നിർമിച്ച ചിത്രമാണ് തകര.  ക്ലാസിക് ഹിറ്റുകളുടെ ഉദാഹരണങ്ങളിലൊന്നായി തകര അറിയപ്പെടുമ്പോഴും അതിലെ അവസാന വട്ട പേരു കാരനാണ് പലപ്പോഴും വിവി ബാബു. ചെറുതല്ലാത്ത ആത്മബന്ധമാണ് ബാബുവിന് ‘തകര’ എന്ന സിനിമയോടും പത്മരാജനോടും ഉള്ളത്.

പത്മരാജനെക്കുറിച്ചും സിനിമയെക്കുറിച്ചും ഓർക്കുമ്പോൾ ബാബുവിന് പറയാനുള്ളത്, മരിക്കുന്നതിന്  രണ്ടാഴ്ച മുൻപ് പത്മരാജൻ
തന്റ വീട്ടിൽ എത്തിയതായിരുന്നു. മരണത്തെ മുൻകൂട്ടി കണ്ടപോലെയായിരുന്നു ആ വരവ് . ഒരു കടം തീർക്കാൻ വന്നതെന്ന് പറഞ്ഞ് സ്‌നേഹിതൻ മടങ്ങിയത് ബാബു ഇന്നലെ കഴിഞ്ഞതു പോലെ ഓർക്കുന്നു…

തകര എന്ന സൂപ്പർ ഹിറ്റിലേക്ക്

നാലു പതിറ്റാണ്ടുകൾക്കു മുമ്പ് കൊച്ചിയിലെ ഒരു ഹോട്ടൽ മുറിയിൽ നിന്നാരംഭിച്ച സൗഹൃദം, ഒരു കടം വീട്ടിലിലൂടെ അവസാനിപ്പിച്ച് പത്മരാജൻ കടന്നു പോയിട്ട് 29 വർഷങ്ങൾ പൂർത്തിയാകുമ്പോഴും, മലയാള സിനിമയിലെ ക്ലാസിക്ക് ഹിറ്റായ ‘തകര’യുടെ നിർമാതാവിന് ആ വേർപാട് ഇന്നും ഹൃദയത്തിലെ ഒരു വിങ്ങലാണ്.

കുടുംബ വക സ്വത്തുക്കൾ നോക്കി നടത്തിയിരുന്ന കാലത്താണ് സിനിമ ബാബുവിനെ തേടി എത്തുന്നത്. സിനിമയിൽ ആർട്ട് ഡയറക്ടറായി ഭരതൻ ജോലി ചെയ്തിരുന്നപ്പോൾ മുതലുള്ള അടുപ്പം പത്മരാജനുമായുള്ള സുഹൃത്ത് ബന്ധത്തിലേക്ക് വഴിതെളിച്ചു.

ചേലക്കരയിലെ തോട്ടത്തിൽ നിന്നും കൊച്ചിയിലെ ഹോട്ടൽ മുറിയിലേക്ക് ഭരതനുമൊത്തുള്ള ആ യാത്രയിലാണ് ബാബു പത്മരാജനെ ആദ്യമായി കാണുന്നത്. കുശലാന്വേഷണത്തിനൊടുവിൽ സിനിമ എടുക്കാമോ എന്ന ചോദ്യം ബാബു എന്ന നിർമാതാവിലേക്കുള്ള എത്തിപ്പെടൽ കൂടിയായിരുന്നു. സൂപ്പർ താരങ്ങൾ ഒന്നും ഇല്ലാത്ത സിനിമ എന്ന ഡിമാന്റ് മാത്രമായിരുന്നു ഭരതൻ മുമ്പോട്ടുവച്ചത്. ഒടുവിൽ തിരക്കഥാകൃത്തായി പത്മരാജൻ സിനിമയുടെ ഭാഗമായപ്പോൾ തകര എന്ന സൂപ്പർ ഹിറ്റ് സംഭവിച്ചു. തിരുവനനന്തപുരവും ബോട്ട് ക്ലബുമായിരുന്നു ഷൂട്ടിംഗ് ലൊക്കേഷനുകൾ. 29 ദിവസങ്ങൾകാണ്ട് സിനിമയുടെ ചിത്രീകരണം പൂർത്തിയായി.

തകരയ്ക്കു ശേഷം പത്മരാജനുമൊത്ത് മറ്റൊരു സിനിമ ചെയ്യാൻ സാധിച്ചില്ലെങ്കിൽ പോലും രണ്ടുപേർക്കുമിടയിലെ അടുപ്പത്തിന് അകൽച്ച വന്നതേയില്ല. തിരുവനന്തപുരം വേളി കടപ്പുറത്ത് തകരയുടെ ഷൂട്ടിംഗ് സമയത്തെല്ലാം പത്മരാജനുമായുള്ള ബന്ധം കൂടുതൽ ഇഴചേരുകയായിരുന്നു. ഭാര്യയേയും കുട്ടികളെയും കൂട്ടി പത്മരാജൻ സെറ്റിലെത്തിയിരുന്ന കാഴ്ച്ചകളെല്ലാം ഇന്നും ബാബുവിന്റെ ഓർമയുടെ ഫ്രെയിമുകളിൽ സുവ്യക്തമാണ്. തകരയ്ക്കു ശേഷം പത്മരാജൻ കൂടുതൽ ഉയരങ്ങളിലേക്ക് പറന്നു. ബാബുവാകട്ടെ, നിനച്ചിരിക്കാതെ കിട്ടിയ തിരിച്ചടിയിലും സിനിമയോടുള്ള സ്നേഹം വിട്ടുകളയാതെ നല്ല സൃഷ്ടികൾ ഉണ്ടാക്കാൻ വേണ്ടി കാത്തിരുന്നു. ആഗ്രഹിച്ചപോലെയൊരു യാത്ര സിനിമയിൽ കിട്ടിയില്ലെങ്കിൽ പോലും തകര കൂടാതെ ബാബു ചെയ്ത നാലു സിനിമകളും മലയാളിക്ക് ഏറെ പ്രിയപ്പെട്ടവ തന്നെ.

വെല്ലുവിളി നിറഞ്ഞ നാളുകൾ

വീട്ടിൽ അറിയിക്കാതെ സിനിമ പിടിക്കാൻ ഇറങ്ങിയത് എതിർപ്പുകളില്ലെങ്കിലും കുടുംബാങ്ങളോട് പറയാനുള്ള ധൈര്യം ബാബുവിന് ഉണ്ടായില്ല. ഒടുവിൽ ചേലക്കരയിലെ തോട്ടം വിറ്റ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി. എന്നാൽ, വിതരണം എന്നത് പിന്നെയും പ്രതിസന്ധിയായി മുന്നിൽ നിന്നു. പലരെയും സിനിമ കാണിച്ചു. രതിയുടെ അതി പ്രസരം എന്ന കാരണത്താൽ പലരും സിനിമ എടുക്കാൻ തയാറായില്ല. ഒടുവിൽ മൂന്ന് ലക്ഷം രൂപയ്ക്ക് സിനിമ എടുക്കാം എന്നുള്ള ഉറപ്പ് പറഞ്ഞ് ഒരു തെലുങ്ക് വ്യവസായി വന്ന് മടങ്ങിയതും ഓർക്കുന്നു.

വിതരണത്തിന് എത്തിക്കാൻ ആളില്ല എന്ന് വീട്ടിൽ പറഞ്ഞെങ്കിലും ഇതുവരെ ചെയ്യാത്ത ഒരു ബിസിനസിലേക്ക് പണം ചെലവഴിക്കാൻ സഹോദരങ്ങളോ കുടുംബാങ്ങളോ തയാറായില്ല. ഈ സമയത്താണ് ചിത്രത്തിലെ നായകനായ പ്രതാപ് പോത്തന്റെ സഹോദരനും സൃഹൃത്തുമായ ഹരി പോത്തൻ നാല് ലക്ഷം രൂപയ്ക്ക് സിനിമ ഏറ്റെടുക്കാൻ മുമ്പോട്ടു വരുന്നത്. അഡ്വാൻസ് തുക ഒരു ലക്ഷം നൽകി. ബാക്കി സിനിമ ഓടിക്കഴിഞ്ഞ് നൽകാമെന്ന ഉറപ്പ് നൽകി ഹാരിപോത്തൻ വിതരണാവകാശം വാങ്ങിയത്. എന്നാൽ, ഹരിക്ക് വാക്ക് പാലിക്കാൻ കഴിഞ്ഞില്ല. സിനിമ സൂപ്പർ ഹിറ്റായി ഓടി. മെയിൻ സെന്ററുകളിൽ നിന്ന് ഏകദേശം 35ലക്ഷം രൂപ ലാഭം കൊയ്യാൻ സിനിമയ്ക്ക് കഴിഞ്ഞു.

മരണത്തെ മുൻ കൂട്ടി കണ്ടത് പോലെ

സ്വന്തം മരണം മുൻകൂട്ടി കാണാൻ പത്മരാജന് കഴിഞ്ഞിരുന്നുവെന്ന് ബാബു പറയാൻ ഒരു കാരണമുണ്ട്. ഒരു കടം വീട്ടലിലൂടെ പത്മരാജൻ തന്നെ വ്യക്തമാക്കി കൊടുത്ത കാരണം. സിനിമയുടെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് മദ്രാസിൽ ആയിരുന്നു സമയത്ത് ബാബുവിനെ കാണാൻ പത്മരാജൻ ചേർത്തല മരത്തോർവട്ടത്തുള്ള വീട്ടിൽ എത്തി. ഒറ്റയ്ക്കായിരുന്നില്ല ആ സന്ദർശനം, ഭാര്യയും മക്കളും ഒപ്പം ഉണ്ടായിരുന്നു. ബാബുവിനെ കാണാൻ ആയിരുന്നു വരവെങ്കിലും നിരാശപ്പെട്ടില്ല. ബാബുവിന്റെ ഭാര്യ നിർമലയുടെ ആതിഥ്യം സ്വകരിച്ച് സന്തോഷത്തോടെയായിരുന്നു പത്മരാജൻ കുടുംബത്തേയും കൂട്ടി തിരിച്ചു പോയത്. ആ വരവിന് പിന്നിൽ ഒരു കടം വീട്ടൽ ആയിരുന്നുവെന്ന് പോകും മുമ്പ് നിർമലയോട് പറയാനും പത്മരാജൻ ഓർത്തിരുന്നു. എപ്പഴോ ബാബുവിന് കൊടുത്തിരുന്ന വാക്കായിരുന്നു, ഒരു ദിവസം കുടുംബത്തേയും കൂട്ടി ചേർത്തലയിലെ വീട്ടിലേക്ക് വരാമെന്ന്. തിരക്കുകൾ കാരണം ആ യാത്ര നീണ്ടു പോവുകയായിരുന്നു. എന്നാൽ, ആ കൂടിക്കാഴ്ച മരണം മുൻകൂട്ടി കണ്ടുകൊണ്ടുള്ളതായിരുന്നുവെന്ന് ബാബുവിന് തിരിച്ചറിയാൻ ഒരു മാസമേ വേണ്ടി വന്നുള്ളൂ. കോഴിക്കോടെ ഒരു ഹോട്ടൽ മുറിയിൽ ഒരിക്കലും ഉണരാത്തൊരു ഉറക്കിൽ നിന്നും പത്മരാജൻ ഗന്ധർവ ലോകത്തക്ക് തിരിച്ചു പോയിരിക്കുന്നുവെന്ന വാർത്ത കേട്ടപ്പോഴാണ് ബാബുവും തിരിച്ചറിയുന്നത്, ആ കടം വീട്ടലിനു പിന്നിൽ ഇങ്ങനെയുമൊരു കാരണമുണ്ടായിരുന്നുവെന്ന്.

ഇറക്കിയ കാശിന്റെ നാലിരട്ടി ലാഭം ഉണ്ടാക്കിയ സിനിമയാണ് തകരയെങ്കിലും ഒരു നിർമാതാവ് എന്ന നിലയിൽ തകര, ബാബുവിന് സാമ്പത്തികമായി ഒരു നേട്ടവും ഉണ്ടാക്കിയില്ല. എങ്കിലും ആരോടും പരാതിയും പരിഭവവും ഇല്ല.

പിന്നീട് ആവാരം പൂ(തകരയുടെ റീ മേക്ക്), വെങ്കലം, ചകോരം, അഗ്നി സാക്ഷി എന്നിങ്ങനെ ഒരു പിടി ഓർത്തിരിക്കാൻ കഴിയുന്ന ചിത്രങ്ങൾ… സിനിമകൾ നിർമിക്കുന്നത് ലാഭം നോക്കിയല്ല എന്നാണ് ബാബു പറയുന്നത്.

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top