ന്യൂസിലൻഡിലും സഞ്ജുവിനായി ആർപ്പുവിളി; ചിരിച്ചു കൊണ്ട് വിലക്കി താരം

കഴിഞ്ഞ കുറച്ചു നാളുകളായി ഇന്ത്യൻ ടീം കളിക്കുമ്പോഴൊക്കെ ഗ്യാലറിയിൽ ഉയരുന്ന ആരവമുണ്ട്. സഞ്ജുവിനു വേണ്ടി ഇന്ത്യൻ ടീം പോകുന്നിടത്തൊക്കെ ശബ്ദം ഉയരുന്നുണ്ട്. ആരാധകരുടെ സഞ്ജു വിളി അസഹനീയമായതോടെ ക്യാപ്റ്റൻ വിരാട് കോലി ദേഷ്യം പ്രകടിപ്പിക്കുന്ന കാഴ്ചയും കണ്ടു. ഏറ്റവും അവസാനമായി ന്യൂസിലൻഡിലാണ് സഞ്ജുവിനായി ആരാധകർ ആർപ്പു വിളിച്ചത്.
ഓക്ക്‌ലൻഡിൽ നടന്ന ആദ്യ മത്സരത്തിനിടെയാണ് സംഭവം. ഇന്ത്യ ബാറ്റ് ചെയ്യുകയായിരുന്നു. അപ്പോഴാണ് ഗ്യാലറിയിൽ നിന്നും സഞ്ജുവിനായി ആരവമുയർന്നത്. ആരവം കേട്ട സഞ്ജു ചിരിച്ചു കൊണ്ട് അവരെ വിലക്കിയെങ്കിലും ആരാധകർ അടങ്ങിയില്ല. ‘സഞ്ജു, സഞ്ജു, സഞ്ജു ഞങ്ങളുടെ മുത്താണ്’ എന്നിങ്ങനെയുള്ള ആരവം ഡഗൗട്ടിലിരുന്ന ക്യാപ്റ്റൻ വിരാട് കോലിയും കേൾക്കുന്നുണ്ടായിരുന്നു. ന്യൂസിലൻഡിൽ ജോലി ചെയ്യുന്ന മലയാളികളുടെ ആരവം ഒടുവിൽ അടങ്ങി.
മത്സരത്തിൽ ഇന്ത്യ ആറു വിക്കറ്റിന് വിജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് നേടിയപ്പോൾ ആറു പന്തുകൾ ബാക്കി നിൽക്കെ നാലു വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ വിജയിക്കുകയായിരുന്നു. ഇന്ത്യക്കായി ലോകേഷ് രാഹുലും ശ്രേയാസ് അയ്യരും അർധസെഞ്ചുറികൾ നേടി.
ജയത്തോടെ അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0നു മുന്നിലെത്തി. 26 ഞായറാഴ്ചയാണ് അടുത്ത മത്സരം.
ലോകേഷ് രാഹുൽ വിക്കറ്റ് കീപ്പറുടെ റോളി ടീമിലുള്ളതു കൊണ്ട് തന്നെ സഞ്ജുവും പന്തും ടീമിലെത്തുക ബുദ്ധിമുട്ടാവും. ആദ്യ മൂന്നു മത്സരങ്ങൾ ജയിച്ച് പരമ്പര സ്വന്തമാക്കിയാൽ ഇരുവർക്കും അവസരം കിട്ടിയേക്കും.
Story Highlights: Sanju Samson
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here