വിക്കറ്റ് കീപ്പിംഗ് താൻ ആസ്വദിക്കുന്നുവെന്ന് രാഹുൽ; പന്തിന്റെ മടങ്ങി വരവ് കഠിനം

ഇടക്കാലാശ്വാസമായി ലോകേഷ് രാഹുലിന് അണിയേണ്ടി വന്ന റോളായിരുന്നു ദേശീയ ടീമിലെ വിക്കറ്റ് കീപ്പിംഗ്. ലഭിച്ച അവസരം ഇരു കൈകളും നീട്ടി സ്വീകരിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്ത രാഹുൽ ഒറ്റയടിക്ക് തകർത്തു കളഞ്ഞത് രണ്ട് താരങ്ങളുടെ ദേശീയ ടീം മോഹങ്ങളാണ്. ഋഷഭ് പന്തും സഞ്ജു സാംസണുമാണ് ദൗർഭാഗ്യവാന്മാരായ ആ രണ്ട് താരങ്ങൾ.
സഞ്ജു സാസൺ ഋഷഭ് പന്തിനെ മറികടന്ന് ടീമിലെത്തുക ബുദ്ധിമുട്ടായിരുന്നുവെങ്കിലും, മൂന്ന് ഫോർമാറ്റുകളിലും അടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന് ബിസിസിഐ പ്രഖ്യാപിക്കുകയും തുടർച്ചയായ പരാജയങ്ങളിലും അവസരം നൽകി ‘കൊച്ചല്ലേ, പഠിക്കട്ടെ’ എന്ന് രവി പരിശീലകൻ ശാസ്ത്രി പിന്തുണ നൽകുകയും ചെയ്ത ഋഷഭ് പന്തിന് രാഹുൽ എന്ന ബഹുമുഖ പ്രതിഭ നൽകിയത് കനത്ത തിരിച്ചടിയാണ്. ഇപ്പോഴിതാ, വിക്കറ്റ് കീപ്പിംഗ് താൻ ആസ്വദിക്കുകയാണെന്ന് വെളിപ്പെടുത്തി രാഹുൽ വീണ്ടും ഇരുവർക്കും ‘പാര’ ആവുകയാണ്.
“ശരിക്കും ഞാൻ ഈ പുതിയ ജോലി ആസ്വദിക്കുകയാണ്. ഐപിഎല്ലിലും ആഭ്യന്തര മത്സരങ്ങളിലും ഞാൻ വിക്കറ്റ് കീപ്പറായിട്ടുണ്ട്. പക്ഷേ, രാജ്യാന്തര മത്സരങ്ങളിൽ വിക്കറ്റ് കാക്കുന്നത് ആദ്യമായാണ്. വിക്കറ്റിനു പിന്നിൽ നിൽക്കുന്നത് ഞാൻ ശരിക്കും ആസ്വദിക്കുന്നു. വിക്കറ്റിനു പിന്നിൽ നിൽക്കുമ്പോൾ പിച്ചിനെക്കുറിച്ച് ശരിയായ ധാരണ ലഭിക്കും. ഇത് ബൗളർമാർക്കും നായകനും കൈമാറുകയും ചെയ്യും”- രാഹുൽ പറഞ്ഞു.
ഇത്ര ആത്മവിശ്വാസത്തോടെ രാഹുൽ പറയുമ്പോൾ പന്തിനും സഞ്ജുവിനും തന്നെയാണ് തിരിച്ചടി. കുറച്ചു കാലത്തേക്ക് രാഹുൽ തന്നെയാവും വിക്കറ്റ് കീപ്പറെന്ന് കോലി പറയുക കൂടി ചെയ്തതോടെ ആ കാര്യത്തിൽ തീരുമാനമാവുകയും ചെയ്തു.
Stor Highlights: KL Rahul, Rishabh Pant, Sanju Samson
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here