ഗവർണറെ പിൻവലിക്കണമെന്ന പ്രമേയം; പ്രതിപക്ഷ നേതാവിന്റെ നോട്ടിസിൽ തീരുമാനം വെള്ളിയാഴ്ച

ഗവർണറെ പിൻവലിക്കണമെന്ന പ്രമേയം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ നേതാവിന്റെ നോട്ടിസിൽ വെള്ളിയാഴ്ച കാര്യോപദേശക സമിതി തീരുമാനമെടുക്കും. പ്രതിപക്ഷ നേതാവിന്റെ നോട്ടിസ് നിയമപ്രകാരം നിലനിൽക്കുന്നതാണെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. എന്നാൽ പ്രമേയത്തെ എൽഡിഎഫ് പിന്തുണയ്ക്കില്ലെന്നാണ് സൂചന. ഇതിനിടെ, നയപ്രഖ്യാപനത്തിനായി നിയമസഭയിൽ എത്തുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്പീക്കറെ അറിയിച്ചു.

ഗവർണറെ പിൻവലിക്കാൻ രാഷ്ട്രപതിയോടു ആവശ്യപ്പെടുന്ന പ്രമേയം ചട്ടം 130 അനുസരിച്ച് ചർച്ച ചെയ്യാനാണ് പ്രതിപക്ഷ നേതാവ് നോട്ടിസ് നൽകിയത്. ഇതിൽ കാര്യോപദേശക സമിതി യോഗം വെള്ളിയാഴ്ച ചേർന്ന് തീരുമാനമെടുക്കും. സഭാ സമ്മേളനം തുടങ്ങുന്നതിന് മുമ്പ് ഇത്തരം നോട്ടിസുകൾ ലഭിക്കാറുണ്ടെന്നും പ്രതിപക്ഷ നേതാവിന്റെ നോട്ടിസ് നിയമപരമായി നിലനിൽക്കുന്നതാണെന്നും സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു.

എന്നാൽ പ്രമേയത്തെ എൽഡിഎഫ് പിന്തുണയ്ക്കില്ലെന്നാണ് സൂചന. പ്രതിപക്ഷ നേതാവിന്റെ ചില പ്രസ്താവനകൾ കലക്കവെള്ളത്തിൽ മീൻപിടിക്കാനുള്ള ശ്രമമാണെന്നു മന്ത്രി എ.കെ.ബാലൻ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനകളിൽ ചിലത് തർക്കം രൂക്ഷമാക്കാനാണെന്നും പ്രമേയത്തിന്റെ കാര്യത്തിൽ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ പറഞ്ഞു.

ഇതിനിടെ, നയപ്രഖ്യാപനത്തിനായി ഗവർണറെ സ്പീക്കർ രാജ്ഭവനിലെത്തി ക്ഷണിച്ചു. സർക്കാരുമായുള്ള തർക്കം വ്യക്തിപരമല്ലെന്നു ഗവർണർ സ്പീക്കറെ അറിയിച്ചു. ഭരണഘടനാപരമായ ഉത്തരവാദിത്വം നിർവഹിക്കാൻ ഗവർണർ എത്തുമെന്ന് സ്പീക്കർ പറഞ്ഞു.

Story Highlights- Governor, Ramesh Chennithala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top