കൊറോണ വൈറസ്: ആരോഗ്യ വകുപ്പ് എല്ലാ തയ്യാറെടുപ്പുകളും നടത്തിയെന്ന് കെകെ ശൈലജ

കൊറോണ വൈറസ് ബാധ സംബന്ധിച്ച് ആശങ്ക പടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് എല്ലാ തയ്യാറെടുപ്പുകളും നടത്തിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മെഡിക്കൽ കോളേജുകളിൽ എല്ലാ സൗകര്യവുമുള്ള ഐസൊലേഷൻ വാർഡുകൾ ഒരുക്കിയിട്ടുണ്ട്. എട്ട് സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ഇതിൽ ആറും നെഗറ്റീവ് ആണ്. ചെറിയ രോഗലക്ഷങ്ങൾ ഉള്ളവരെ ഐസലേഷൻ വാർഡിലേക്ക് മാറ്റിയിട്ടുണ്ടെന്നും മന്ത്രി കെ കെ ശൈലജ പറഞ്ഞു.
കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച പെരുമ്പാവൂർ സ്വദേശിക്ക് കൊറോണ ഇല്ലെന്ന് സ്ഥിരീകരിച്ചു. HINI എന്നാണ് പരിശോധനഫലം. കേരളത്തിൽ 288 പേർ നിലവിൽ നിരീക്ഷണത്തിലാണ്. കോഴിക്കോടാണ് ഏറ്റവും കൂടുതൽ ആളുകൾ നിരീക്ഷണത്തിലുള്ളത്. അറുപത് പേർ. നിലവിൽ നിരീക്ഷണത്തിലുള്ള ആർക്കും രോഗ ലക്ഷണങ്ങളില്ല. ചൈനയിൽ നിന്ന് വന്നതു കൊണ്ട് മാത്രമാണ് ഇവരെ ആരോഗ്യ വിഭാഗം കരുതലിൽ വച്ചിരിക്കുന്നത്.
ഇതിനിടെ സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര മെഡിക്കൽ സംഘം കൊച്ചിയിലെത്തി. നെടുമ്പാശേരി വിമാനത്താവളത്തിലും, കളമശേരി മെഡിക്കൽ കോളേജിലും സംഘം പരിശോധന നടത്തി. സംസ്ഥാനത്തെ തയ്യാറെടുപ്പിൽ തൃപ്തരാണെന് കേന്ദ്ര സംഘം അറിയിച്ചു.
ചൈനയിൽ കുടുങ്ങി പോയ ഇന്ത്യക്കാരെ വിമാന മാർഗ്ഗം നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാന മന്ത്രിക്ക് കത്തയച്ചിരുന്നു. ചൈനയില്‍ വുഹാനിലെ വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളില്‍ നിന്നും അവരുടെ ബന്ധുക്കളില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് വുഹാനിലെ സ്ഥിതി കൂടുതല്‍ മോശമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വുഹാനിലേക്കോ സമീപത്ത് പ്രവര്‍ത്തിക്കുന്ന വിമാനത്താവളത്തിലേക്കോ പ്രത്യേക വിമാനം അയച്ച് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് നടപടി വേണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.
Story Highlights: Corona Virus, KK Shailaja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here