Advertisement

പാവക്കുളം ക്ഷേത്രത്തിൽ പ്രതിഷേധിച്ച ആതിരയുടേതെന്ന പേരിൽ പ്രചരിച്ചത് വൈപ്പിൻ സ്വദേശിനിയുടെ ചിത്രം

January 27, 2020
Google News 1 minute Read

പാവക്കുളം ക്ഷേത്രത്തിൽ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നടന്ന പരിപാടിക്കെതിരെ പ്രതിഷേധിച്ച ആതിരയുടെ പേരിൽ പ്രചരിച്ചത് മറ്റൊരു യുവതിയുടെ ചിത്രം. എറണാകുളം വൈപ്പിൻ സ്വദേശിനി ക്രിസ്റ്റി എവേർട്ടിന്റേതാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച ചിത്രം. അഞ്ജിത ഉമേഷ് എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നായിരുന്നു ചിത്രങ്ങൾ പ്രചരിച്ചത്.

പാവക്കുളത്ത് പ്രതിഷേധിച്ച ആതിരയുടേതെന്ന പേരിൽ ബിജെപി എറണാകുളം ജില്ലാ മെമ്പർ ജലജ ശ്രീനിവാസ് ആചാര്യ ക്രിസ്റ്റിയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നു. ജലജ ഷെയർ ചെയ്ത സ്‌ക്രീൻ ഷോട്ട് ഒരു സുഹൃത്ത് ക്രിസ്റ്റിക്ക് അയച്ചു നൽകി. ഇക്കാര്യം ചണ്ടിക്കാട്ടി ഡിസിപിക്ക് പരാതി നൽകുകയും ചെയ്തു. ഇതിന് പിന്നാലെ ജലജ ശ്രീനിവാസ് ആചാര്യയുടെ ഫേസ്ബുക്കിൽ ഉണ്ടായിരുന്ന ക്രിസ്റ്റിക്കെതിരായ പോസ്റ്റ് നീക്കം ചെയ്തു. അഞ്ജിത ഉമേഷ് എന്ന പേരിലുള്ള ഫേസ്ബുക്ക് പേജും ഡിലീറ്റ് ചെയ്തു.

ആലപ്പുഴ സ്വദേശി ശ്യാം പത്മനാഭ കൈമൾ എന്നയാളുടെ ഫേസ്ബുക്ക് പേജിലും ക്രിസ്റ്റിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. അഡ്വക്കേറ്റ് ഇടപെട്ട് പോസ്റ്റ് നീക്കം ചെയ്യാൻ ശ്രമം നടന്നെങ്കിലും അയാൾ വഴങ്ങിയില്ല. ക്രിസ്റ്റിക്കെതിരെ കൂടുതൽ പോസ്റ്റുകൾ ശ്യാം പത്മനാഭവ കൈമൾ ഷെയർ ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടും പൊലീസ് അവഗണിച്ചുവെന്ന് ക്രിസ്റ്റി പറയുന്നു.

read also: ക്ഷേത്രത്തിലെ പൗരത്വ നിയമ ഭേദഗതി ചർച്ചയിൽ പ്രതിഷേധം: സംഘാടകർക്ക് എതിരെ കേസെടുത്ത് പൊലീസ്

ഒൻപത് മാസങ്ങൾക്ക് മുൻപ് ഓൺലൈൻ വഴി പെൺവാണിഭം നടത്തുന്ന സ്ത്രീയെന്ന രീതിയിലും ക്രിസ്റ്റിയെ അപകീർത്തിപ്പെടുത്തിയിരുന്നു. അതിന്റെ പേരിൽ താമസിച്ചിരുന്ന വാടക വീട്ടിൽ നിന്ന് ക്രിസ്റ്റിക്ക് ഇറങ്ങേണ്ടി വന്നു. അപമാനം കാരണം ജോലി ഉപേക്ഷിച്ചു. വാഹനം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞതോടെ അതും വിൽക്കേണ്ടി വന്നു. ആളെ തിരിച്ചറിയാതിരിക്കാൻ മുടി മുറിക്കുകയും ചെയ്തു.
രണ്ട് കുട്ടികളുടെ അമ്മയാണ് ക്രിസ്റ്റി. തനിക്കെതിരെയുള്ള നീക്കത്തിന് പിന്നിൽ ആരാണെന്ന് ക്രിസ്റ്റിക്ക് വ്യക്തതയില്ല. പൊലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടാകാതെ വന്നതോടെയാണ് ക്രിസ്റ്റി വെളിപ്പെടുത്തലുമായി രംഗത്തുവന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here